നാഗ്പൂര്‍ ജയിലില്‍ കൊവിഡ് വ്യാപിക്കുന്നു; ആശങ്ക പങ്കുവച്ച് പ്രഫ. സായ്ബാബയുടെ കുടുംബം
നാഗ്പൂര്‍: നാഗ്പൂര്‍ ജയില്‍ കൊവിഡ് വ്യാപന ഭീതിയിലെന്ന് പ്രഫ. സയ്ബാബ. ജയിലധികൃതരുടെ അനുമതിപ്രകാരം ഭാര്യ എ എസ് വസന്തകുമാരിയുമായി നടത്തിയ സംഭാഷണത്തിലാണ് സായ്ബാബ, നാഗ്പൂര്‍ ജയില്‍ കടന്നുപോകുന്ന ഭീതിദമായ അവസ്ഥ വ്യക്തമാക്കിയത്.
അദ്ദേഹം പറയുന്നതനുസരിച്ച് നാഗ്പൂര്‍ ജയിലില്‍ നൂറില്‍ കൂടുതല്‍ പേര്‍ക്ക് കൊവിഡ് ബാധിച്ചുകഴിഞ്ഞു. ജയില്‍ അധികതര്‍, വിചാരണത്തടവുകാര്‍ തുടങ്ങി എല്ലാ വിഭാഗത്തെയും രോഗം പിടികൂടിയിട്ടുണ്ട്. കാവല്‍ നില്‍ക്കുന്ന ജയില്‍ വാര്‍ഡന്‍മാര്‍ രോഗികളായത് വലിയ ഭീതിവിതച്ചിട്ടുണ്ട്.
ജൂലൈ 8ന് അണ്ഡാസെല്ലില്‍ 20നടുത്ത് തടവുകാരെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചു.
ഈ സാഹചര്യത്തില്‍ ഭിന്നശേഷിക്കാരനെന്നതിനു പുറമെ നിരവധി രോഗങ്ങളുള്ള സായ്ബാബയുടെ സ്ഥിതി അതീവ ഗുരുതമായിരിക്കുകയാണ്. അദ്ദേഹത്തിന് പ്രാഥമികകൃത്യങ്ങള്‍ക്കു പോലും പോകാനാവുന്നില്ല. ഒരാളുടെ സഹായമുണ്ടെങ്കിലേ അദ്ദേഹത്തിന് സഞ്ചരിക്കാന്‍ പോലുമാവൂ. ഗുരുതര രോഗങ്ങളുണ്ടെങ്കിലും അതിനുളള ചികില്‍സയും ലഭ്യമായിട്ടില്ല. കടുംബത്തിന്റെ ഉത്തരവാദിത്തില്‍ ആശുപത്രിയില്‍ കൊണ്ടുപോയി ചികില്‍സ നടത്തുന്നതിനുള്ള അനുമതിയും ലഭിക്കുന്നില്ല. ഒരു സാഹയിയില്ലാത്തതിനാല്‍ അദ്ദേഹത്തിന്റെ വസ്ത്രങ്ങള്‍ മുഷിഞ്ഞതും വൃത്തിഹീനവുമാണ്.
കൊവിഡ് ലോക്ക് ഡൗണ്‍ കാലത്ത് നാഗ്പൂരിലെ സര്‍ക്കാര്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് അദ്ദേഹത്തെ കൊണ്ടുപോയിരുന്നെങ്കിലും അവിടെ നിന്ന് ലഭിച്ച പരിശോധനാഫലങ്ങള്‍ ഇപ്പോഴും ലഭ്യമായിട്ടില്ല. സ്ഥിരമായി മെഡിക്കല്‍ ബെഡ് ഉപയോഗിക്കാന്‍ പറഞ്ഞിട്ടുണ്ടെങ്കിലും അത് ലഭ്യമായിട്ടില്ല.
വര്‍ത്തമാനപത്രങ്ങള്‍ നല്‍കുന്നില്ല. പരോളിന് അപേക്ഷനല്‍കിയെങ്കിലും അദ്ദേഹത്തിന്റെ സഹോദരന്റെ വീട് കൊവിഡ് കണ്ടെയ്ന്‍മെന്റ് സോണിലാണെന്ന് ചൂണ്ടിക്കാട്ടി പരോള്‍ നിഷേധിച്ചു.
ജൂലൈ 14 ന്് ആരോഗ്യപ്രശ്‌നം പരിഗണിച്ച് പരോള്‍ നല്‍കാന്‍ അഭ്യര്‍ത്ഥിച്ച് ഒരു അപേക്ഷ നല്‍കിയിരുന്നു. അതില്‍ അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി പത്ത് ദിവസം സമയം നല്‍കി. കേസ് ജൂലൈ അവസാനത്തേക്ക് നീട്ടിയിരിക്കയാണ്.
കൊവിഡ് കാലത്തെ തടവ് തനിക്കു മാത്രമല്ല, പല തടവുകാര്‍ക്കും മരണശിക്ഷയാണെന്ന് അദ്ദേഹം പറയുന്നു. അദ്ദേഹത്തിന് മതിയായ ചികില്‍സ നല്‍കണമെന്നും കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ പരോള്‍ അനുവദിക്കണമെന്നും അദ്ദേഹത്തിന്റെ കുടുംബം അഭ്യര്‍ത്ഥിച്ചു.