മൂന്നാമതും കൊവിഡ് സ്ഥിരീകരിച്ച അഴിയൂരില്‍ കര്‍ശന നിയന്ത്രണങ്ങള്‍

കടകളുടെ പ്രവര്‍ത്തനം ഒരു മണിവരെ നിജപ്പെടുത്തുവാന്‍ പഞ്ചായത്ത് ഓഫിസില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു.

Update: 2020-04-24 16:55 GMT

വടകര: അഴിയൂരില്‍ മൂന്നാമത് കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തി. കടകളുടെ പ്രവര്‍ത്തനം ഒരു മണിവരെ നിജപ്പെടുത്തുവാന്‍ പഞ്ചായത്ത് ഓഫിസില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. എട്ടാം വാര്‍ഡ് (ചിറയില്‍ പീടിക) പൂര്‍ണമായും അടച്ചിടുന്നതിന് ആ വാര്‍ഡിലുള്ള റോഡുകള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ വിവരം ജില്ലാ കലക്ടര്‍ക്ക് കൈമാറി.

4, 5, 8 വാര്‍ഡുകളിലെ കടകള്‍ രാവിലെ എട്ടുമുതല്‍ 11വരെയും മറ്റു വാര്‍ഡുകളിലെ കടകള്‍ രാവിലെ 8 മുതല്‍ ഒരു മണിവരെയുംആയി പ്രവര്‍ത്തന സമയം നിജപ്പെടുത്തി. നിലവില്‍ പോസിറ്റീവായ വ്യക്തിയുടെ വീട്ടിലുള്ള ആറു പേരെയും ദുബയ് നായിഫില്‍ നിന്നും വന്ന എട്ടു പേരുടെയും കൊവിഡ് ടെസ്റ്റ് നടത്തുവാന്‍ ജില്ലാ ഭരണകൂടത്തോട് അഭ്യര്‍ത്ഥിച്ചു. റാപിഡ് ടെസ്റ്റ് കിറ്റ് പഞ്ചായത്തിന് ലഭ്യമാക്കുവാനും കലക്ടറോട് അഭ്യര്‍ത്ഥിച്ചു.

എട്ടാം വാര്‍ഡിലെ ജനങ്ങള്‍ക്ക് ഹോം ഡെലിവറി സംവിധാനം ചോമ്പാല്‍ പോലിസും, കുഞ്ഞിപ്പള്ളിയിലെ വ്യാപാരികളുമായി സഹകരിച്ച് ഏര്‍പ്പെടുത്തി. ഇതിനായി രണ്ട് വളണ്ടിയര്‍മാര്‍ രണ്ട് വാഹനങ്ങള്‍ എന്നിവര്‍ക്ക് പ്രത്യേക പാസ് നല്‍കി. ഉപയോഗിച്ച ഗ്ലൗസ്, മാസ്‌ക് എന്നിവ മുഴുവന്‍ വാര്‍ഡുകളില്‍ നിന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഇമേജുമായി സഹകരിച്ചു കൊണ്ട് പോകുന്നതാണ്. യാതൊരു കാരണവശാലും പഞ്ചായത്തിലേക്ക് പുറത്തുനിന്നുള്ള ആളുകളെ പ്രവേശിപ്പിക്കുകയില്ല. ജില്ലാ കലക്ടറുടെ പാസ് ഇല്ലാതെ പഞ്ചായത്ത് പരിധിയില്‍ പുതുതായി ആരെയും താമസിപ്പിക്കുന്നതല്ല. 4, 5, 8 എന്നീ വാര്‍ഡുകളിലെ ജനങ്ങള്‍ യാതൊരു കാരണവശാലും പുറത്തു പോകാന്‍ പാടുള്ളതല്ല. ഊഹാപോഹങ്ങള്‍ യാതൊരു കാരണവശാലും വിശ്വസിക്കരുത് സര്‍ക്കാര്‍ പറയുന്ന നിര്‍ദേശങ്ങള്‍ പാലിച്ചു ജാഗ്രതയോടെ കഴിയണമെന്നും മുഴുവന്‍ ജനങ്ങളോടും യോഗം അഭ്യര്‍ത്ഥിച്ചു.

മോന്താല്‍ പാലം പൂര്‍ണമായും അടച്ചിട്ടു. അഴിയൂരില്‍ കര്‍ശന വാഹന പരിശോധന തുടരന്നുണ്ട്. നിലവിലെ സ്ഥിതിയില്‍ ആശങ്കപ്പെടാനില്ലെന്നും എല്ലാ മുന്‍കരുതലകളും പഞ്ചായത്തും, ആരോഗ്യവകുപ്പും, പൊലിസും, റവന്യം വകുപ്പും ചേര്‍ന്ന് സ്വീകരിച്ചിട്ടുണ്ട്. പഞ്ചായത്തില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് വി. പി. ജയന്‍, അധ്യക്ഷനായി. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജാസ്മിന കല്ലേരി, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ് , ചോമ്പാല പൊലിസ് സബ് ഇന്‍സ്പെക്ടര്‍ എം.എം.വിശ്വനാഥന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സജീവന്‍ സി.എച്ച്, റേഷനിങ് ഇന്‍സ്‌പെക്ടര്‍ കെ.പി.കുഞ്ഞിക്കണ്ണന്‍ പങ്കെടുത്തു.

ഇനി വരാനുള്ള സമ്പര്‍ക്ക പട്ടികയിലെ ഒരു റിസള്‍ട്ടും, സാമുഹ്യ വ്യാപനം ഉണ്ടോ എന്നു പരിശോധിക്കുന്നതിന് എടുത്ത 10 സാമ്പിളിന്റെ റിസള്‍ട്ടും വരുന്നതിന് അനുസരിച്ച് തുടര്‍ സ്ഥിതിഗതികള്‍ തിരുമാനിക്കുന്നതാണ്. നിലവില്‍ ലോക്ക് ഡൗണായ വാര്‍ഡുകളില്‍ സര്‍ക്കാര്‍ റേഷന്‍ കടകളിലൂടെ നല്‍കുന്ന കിറ്റ് ഉടന്‍ വിതരണം ചെയ്യുന്നതിന് ജില്ലാ കലക്ടറുടെ സഹായം പഞ്ചായത്ത് അഭ്യര്‍ത്ഥിച്ചു. 

Tags:    

Similar News