കൊവിഡ്: പ്രായപൂര്‍ത്തിയായവരില്‍ 66 ശതമാനം പേര്‍ക്കും ചുരുങ്ങിയത് ഒരു ഡോസ് വാക്‌സിന്‍ നല്‍കിയെന്ന് കേന്ദ്ര സര്‍ക്കാര്‍

Update: 2021-09-23 17:03 GMT

ന്യൂഡല്‍ഹി: രാജ്യത്തെ പ്രായപൂര്‍ത്തിയാവരില്‍ 66 ശതമാനം പേര്‍ക്കും ചുരുങ്ങിയത് ഒരു ഡോസ് കൊവിഡ് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ 23 ശതമാനം പേരും രണ്ട് വാക്‌സിനും സ്വീകരിച്ചുകഴിഞ്ഞു.

കേന്ദ്ര ആരോഗ്യ വകുപ്പ് സെക്രട്ടറി രാജേഷ് ഭൂഷനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

ഗ്രാമീണ മേഖലയിലെ പ്രായപൂര്‍ത്തിയായ 63.7 ശതമാനം പേര്‍ക്കും നഗരങ്ങളിലെ 35.4 ശതമാനംപേര്‍ക്കും വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു. ആകെ നല്‍കി വാക്‌സിന്റെ 68.2 ലക്ഷം അഥവാ 0.95 ശതമാനം നഗരമാണോ ഗ്രാമമാണോ എന്ന് രേഖപ്പെടുത്തിയിട്ടില്ല. 

ഭീന്നശേഷിക്കാര്‍ക്കും നടക്കാന്‍ കഴിയാത്തവര്‍ക്കും വീടുകളില്‍ വാക്‌സിന്‍ നല്‍കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം കുറയുന്നുണ്ടെങ്കിലും രാജ്യം രണ്ടാം തരംഗത്തിന്റെ മധ്യത്തിലാണെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി.

കഴിഞ്ഞ ആഴ്ച റിപോര്‍ട്ട് ചെയ്ത കൊവിഡ് രോഗികളില്‍ 62.73 ശതമാനവും കേരളത്തില്‍ നിന്നായിരുന്നു. ഒരു ലക്ഷത്തില്‍ കൂടുതല്‍ കൊവിഡ് രോഗികളുള്ള സംസ്ഥാനവും കേരളമാണ്. 

Tags:    

Similar News