കൊവിഡ് : നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കാന്‍ തീരുമാനം
സഭാ ചരിത്രത്തില്‍ ഇത് മൂന്നാംതവണയാണ് ഒരു സ്പീക്കറെ നീക്കം ചെയ്യണമെന്ന പ്രമേയം സഭയുടെ പരിഗണനയില്‍ വരുന്നത്.
തിരുവനന്തപുരം: കൊവിഡ് സാഹചര്യത്തില്‍ നിയമസഭാ സമ്മേളനം ജനുവരി 22 വരെയായി വെട്ടിച്ചുരുക്കാന്‍ തീരുമാനം. നേരത്തെ 28 വരെയാണ് സഭ ചേരാന്‍ നിശ്ചയിച്ചിരുന്നത്. പ്രതിപക്ഷത്തിന്റെ നോട്ടീസ് അംഗീകരിച്ച് സ്പീക്കറെ നീക്കണമെന്ന പ്രമേയം 21ന് സഭയില്‍ ചര്‍ച്ചയ്‌ക്കെടുക്കാനും കാര്യോപദേശക സമിതി യോഗം തീരുമാനിച്ചു.
ജനുവരി 21ന് ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്കൂറാണ് സ്പീക്കറെ നീക്കണമെന്ന പ്രമേയത്തിനുള്ള ചര്‍ച്ചയ്ക്കായി അനുവദിച്ചത്. സ്പീക്കറെ നീക്കം ചെയ്യാനുള്ള പ്രമേയം അവതരിപ്പിക്കാന്‍ നേരത്തെയും പ്രതിപക്ഷം അനുമതി തേടിയിരുന്നുവെങ്കിലും 14 ദിവസത്തെ ചട്ടപ്രകാരം മുന്‍കൂര്‍ നോട്ടീസ് നല്‍കണമെന്ന ചട്ടം പാലിക്കാന്‍ കഴിയാത്തതിനാല്‍ നോട്ടീസിന് അനുമതി ലഭിച്ചിരുന്നില്ല.
സ്പീക്കറെ നീക്കം ചെയ്യല്‍ പ്രമേയം ചര്‍ച്ചയ്‌ക്കെടുമ്പോള്‍ സ്പീക്കര്‍ ഡയസില്‍നിന്ന് താഴേക്കിറങ്ങി സാധാരണ അംഗങ്ങളുടെ കൂട്ടത്തേക്ക് വരണം. ഡെപ്യൂട്ടി സ്പീക്കറാണ് സഭ നിയന്ത്രിക്കുക. ചര്‍ച്ചയ്‌ക്കൊടുവില്‍ സ്പീക്കര്‍ക്ക് വ്യക്തിപരമായി തന്റെ വിശദീകരണം നല്‍കാനും അവസരമുണ്ട്. ഇതിനുശേഷം പ്രതിപക്ഷ പ്രമേയം വോട്ടിനിടും.
സഭാ ചരിത്രത്തില്‍ ഇത് മൂന്നാംതവണയാണ് ഒരു സ്പീക്കറെ നീക്കം ചെയ്യണമെന്ന പ്രമേയം സഭയുടെ പരിഗണനയില്‍ വരുന്നത്. 1982 ല്‍ എ.സി ജോസിനെതിരേയും 2004 ല്‍ വക്കം പുരുഷോത്തമനെതിരേയുമുള്ള പ്രമേയങ്ങളാണ് സഭയില്‍ മുമ്പ് ചര്‍ച്ചയ്ക്ക് വന്നിരുന്നത്. രണ്ട് പ്രമേയങ്ങളും പരാജയപ്പെട്ടിരുന്നു.