അന്ധവിശ്വാസ നിരോധന നിയമം; ഇടതുസര്‍ക്കാര്‍ ഭയക്കുന്നത് ആരെ ?

കര്‍ണാടകയിലും മഹാരാഷ്ട്രയിലും ദുര്‍മന്ത്രവാദത്തിനും ആഭിചാരക്രിയകള്‍ക്കെതിരെയും നിയമം പ്രാബല്യത്തിലുണ്ട്. മഹാരാഷ്ട്രയാണ് രാജ്യത്ത് ആദ്യമായി നിയമം കൊണ്ടുവന്നത്

Update: 2022-10-12 09:11 GMT

കോഴിക്കോട്: തിരുവല്ലയിലെ നരബലി വാര്‍ത്തകളില്‍ നിറയുമ്പോള്‍ കേരളത്തില്‍ ചര്‍ച്ചയാകുന്നത് അന്ധവിശ്വാസത്തിനും ദുര്‍മന്ത്രവാദത്തിനുമെതിരില്‍ ഇടതുപക്ഷ സര്‍ക്കാര്‍ എന്തുകൊണ്ട് നിയമം കൊണ്ടുവരുന്നില്ല എന്ന ചോദ്യം. 2018ലും 2021ലും നിയമസഭയില്‍ രണ്ടു പ്രാവശ്യം അംഗങ്ങള്‍ ബില്ലുകള്‍ കൊണ്ടുവന്നെങ്കിലും അവ നിയമമാക്കാന്‍ സിപിഎം സര്‍ക്കാര്‍ തയ്യാറായില്ല. 2018ല്‍ പി ടി തോമസും 2021 ഓഗസ്റ്റില്‍ കെ ഡി പ്രസേനനുമാണ് ബില്ലുകള്‍ കൊണ്ടുവന്നത്.

2018ല്‍ പി ടി തോമസ് കൊണ്ടുവന്ന ബില്ലില്‍ അന്ധവിശ്വാസങ്ങള്‍ക്കെതിരെ മാത്രമല്ല, ആള്‍ദൈവങ്ങള്‍ക്കെതിരിലും നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ ബില്‍ നിയമമാക്കിയാല്‍ സംസ്ഥാനത്തെ ആള്‍ദൈവ ഭക്തര്‍ സര്‍്ക്കാറിന് എതിരാകുമെന്ന് കണ്ട് ബില്‍ ചര്‍ച്ചക്കെടുക്കാതെ മാറ്റിവെക്കുകയായിരുന്നു. ബില്‍ അവതരിപ്പിച്ച മാത്രയില്‍ തന്നെ മുഖ്യമന്ത്രിക്കു വേണ്ടി മറുപടി പറഞ്ഞ മന്ത്രി ജി സുധാകരന്‍ ബില്ലിനെ എതിര്‍ത്തു. എന്നാല്‍, പ്രദീപ്കുമാറും എം സ്വരാജും ബില്‍ ഔദ്യോഗികമായി കൊണ്ടുവരണമെന്ന് അഭിപ്രായപ്പെട്ടു. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും ബില്ലുമായി എത്തിയ പി ടി തോമസിനെ അനുമോദിച്ചു. എന്നാല്‍ ഇതിലപ്പുറം സര്‍ക്കാര്‍ ബില്‍ കൊണ്ടുവരികയോ, നിയമമാക്കുകയോ ചെയ്തില്ല. സമഗ്രനിയമം നിര്‍മിക്കുമെന്ന് പറഞ്ഞ സര്‍ക്കാര്‍ പി ടി തോമസിന്റെ ബില്‍ മുഖവിലയ്‌ക്കെടുത്തില്ല. 2019ല്‍ ജസ്റ്റിസ് കെ ടി തോമസ് അദ്ധ്യക്ഷനായ ഭരണപരിഷ്‌കരണ കമ്മീഷന്‍ ദുര്‍മന്ത്രവാദ, ആഭിചാരക്രിയകള്‍ തടയലും ഇല്ലാതാക്കലും ബില്‍ തയാറാക്കി. കുറ്റകൃത്യങ്ങള്‍ക്ക് ഒരു വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെ തടവും 5,000 മുതല്‍ 50,000 വരെ പിഴയുമാണ് ഇതില്‍ നിര്‍ദേശിക്കുന്നത്. ഇരകളെ പരുക്കേല്‍പ്പിച്ചാലോ കൊലപ്പെടുത്തിയാലോ ഐപിസി പ്രകാരമുള്ള വകുപ്പുകള്‍ ബാധകമായിരിക്കും. സര്‍ക്കാരിന്റെ കൂടി നിര്‍ദേശ പ്രകാരമാണ് ബില്‍ തയാറാക്കിയതെങ്കിലും ഇതിനും മുന്‍ഗണന ലഭിച്ചില്ല. പിന്നീട് 2021 ഓഗസ്റ്റില്‍ കെ ഡി പ്രസേനന്‍ അവതരിപ്പിച്ച കേരള അന്ധവിശ്വാസ അനാചാര നിര്‍മാര്‍ജന ബില്‍ എന്ന സ്വകാര്യബില്ലും ഫലം കണ്ടില്ല.

കര്‍ണാടകയിലും മഹാരാഷ്ട്രയിലും ദുര്‍മന്ത്രവാദത്തിനും ആഭിചാരക്രിയകള്‍ക്കെതിരെയും നിയമം പ്രാബല്യത്തിലുണ്ട്. മഹാരാഷ്ട്രയാണ് രാജ്യത്ത് ആദ്യമായി നിയമം കൊണ്ടുവന്നത്. അന്ധവിശ്വാസങ്ങള്‍ക്കെതിരേ പോരാടിയ നരേന്ദ്ര ദബോല്‍ക്കര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് 2013 ഓഗസ്റ്റ് 18ന് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് എന്‍സിപി സര്‍ക്കാര്‍ ഓര്‍ഡിനന്‍സായി നിയമം പാസാക്കി. 2013 ഓഗസ്റ്റ് 24ന് നിയമം പ്രാബല്യത്തില്‍ വന്നു. കര്‍ണാടകയില്‍ 2017ലാണ് നിയമം കൊണ്ടു വന്നത്. കേരളത്തില്‍ രണ്ടു പ്രാവശ്യമായി അന്ധവിശ്വാസ നിരോധന നിയമത്തിനു വേണ്ടിയുള്ള ബില്‍ നിയമസഭയില്‍ എത്തിയെങ്കിലും സര്‍ക്കാറിന്റെ താല്‍പര്യമില്ലായ്മ കാരണം നിയമ നിര്‍മാണം സാധ്യമായിട്ടില്ല. സംസ്ഥാനത്ത് അന്ധവിശ്വാസ നിരോധ നിയമം ഇല്ലാത്തതിനാല്‍ തിരുവല്ല നരബലി സംഭവത്തില്‍ സാധാരണ വകുപ്പുകള്‍ മാത്രമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

Tags:    

Similar News