നരബലി സാമ്പത്തിക ബാധ്യത തീര്‍ക്കാനെന്ന് ദമ്പതികളുടെ മൊഴി
നിരവധി വായ്പകള്‍ ഉണ്ടായിരുന്നുവെന്നും നരബലി നടത്തിയാല്‍ ഐശ്വര്യം ഉണ്ടാകുമെന്ന് മുഹമ്മദ് ഷാഫി വിശ്വസിപ്പിച്ചെന്നും ഭഗവല്‍ സിംഗും ഭാര്യ ലൈലയും പോലിസിനോട് പറഞ്ഞു.
കൊച്ചി: സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ വേണ്ടിയാണ് നരബലി നടത്തിയതെന്ന് പിടിയിലായ ദമ്പതികളുടെ മൊഴി. നിരവധി വായ്പകള്‍ ഉണ്ടായിരുന്നുവെന്നും നരബലി നടത്തിയാല്‍ ഐശ്വര്യം ഉണ്ടാകുമെന്ന് മുഹമ്മദ് ഷാഫി വിശ്വസിപ്പിച്ചെന്നും ഭഗവല്‍ സിംഗും ഭാര്യ ലൈലയും പോലിസിനോട് പറഞ്ഞു. ദമ്പതികളുടെ കടബാധ്യതയെ കുറിച്ച് അന്വേഷിക്കുമെന്ന് പോലിസ് അറിയിച്ചു. എന്തിന് വേണ്ടിയാണ് ഈ പണം ചെലവഴിച്ചതെന്നും പരിശോധിക്കും.
അതേസമയം, പ്രതികളെ നാളെ കൊച്ചി കോടതിയില്‍ ഹാജാരാക്കുമെന്ന് ഡിഐജി നിശാന്തിനി അറിയിച്ചു. ഭഗവല്‍ സിംഗിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും. നരബലിയുടെ മുഖ്യ സൂത്രധാരനായ ഷാഫി ചോദ്യം ചെയ്യലിനോട് സഹരിക്കുന്നില്ലെന്നും ഡിഐജി നിശാന്തിനി കൂട്ടിച്ചേര്‍ത്തു. കൊലപാതകത്തില്‍ മൂന്ന് പേര്‍ക്കും പങ്കുണ്ട്. പ്രതികള്‍ രണ്ട് മൃതദേഹങ്ങള്‍ നാല് കുഴികളിലാക്കിയാണ് കുഴിച്ചിട്ടത്. പ്രതികളുമായി നാളെയും തെളിവെടുപ്പ് തുടരും. വീടിനുള്ളില്‍ നിന്ന് ആയുധങ്ങളും കണ്ടെത്തി. ഇവയുടെ ഫൊറന്‍സിക് പരിശോധന നടത്തുമെന്നും കൂടുതല്‍ തെളിവ് കണ്ടെത്താന്‍ വീട് കേന്ദ്രീകരിച്ച് പരിശോധന തുടരുമെന്നും ഡിഐജി പറഞ്ഞു.