പ്രതികള്‍ നരഭോജികള്‍; നരബലിക്ക് ശേഷം കൊല്ലപ്പെട്ടവരുടെ മാംസം കറിവച്ച് കഴിച്ചു
സിദ്ധനായെത്തിയ മുഹമ്മദ് ഷാഫിയുടെ നിര്‍ദേശ പ്രകാരമാണ് മാംസം കഴിച്ചതെന്ന് അറസ്റ്റിലായ ലൈല ചോദ്യംചെയ്യലില്‍ പോലിസിനോട് പറഞ്ഞു.
കൊച്ചി: ഇലന്തൂര്‍ ഇരട്ട നരബലി കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. നരബലിക്ക് ശേഷം കൊല്ലപ്പെട്ടവരുടെ മാംസം കറിവച്ച് കഴിച്ചെന്നാണ് പുതിയ വെളിപ്പെടുത്തല്‍. സിദ്ധനായെത്തിയ മുഹമ്മദ് ഷാഫിയുടെ നിര്‍ദേശ പ്രകാരമാണ് മാംസം കഴിച്ചതെന്ന് അറസ്റ്റിലായ ലൈല ചോദ്യംചെയ്യലില്‍ പോലിസിനോട് പറഞ്ഞു.
ആഭിചാര ക്രിയകള്‍ സംബന്ധിച്ച ചില പുസ്തകങ്ങള്‍ വായിക്കാന്‍ ഷാഫി ആവശ്യപ്പെട്ടെന്നും ഈ പുസ്തങ്ങളില്‍ നരബലി നടത്തി മാംസം കഴിക്കുന്നതിനെപ്പറ്റി വിസതരിച്ചിട്ടുണ്ടെന്നും ലൈല പോലിസിന് നല്‍കിയ മൊഴിയിലുണ്ട്.നരബലിക്ക് മുമ്പ് സ്ത്രീകളുടെ ആഭരണങ്ങള്‍ മുഹമ്മദ് ഷാഫി കൈക്കലാക്കി. ഇവ പിന്നീട് എറണാകുളം, പത്തനംതിട്ട ജില്ലകളിലെ ബാങ്കുകളില്‍ പണയംവച്ചതായും പോലിസ് പറയുന്നു.
ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ കൂടി വന്നതോടെ ഇക്കാര്യത്തില്‍ അടക്കം കൂടുതല്‍ അന്വേഷണം നടത്തണമെന്ന നിലപാടിലാണ് പോലിസ്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയശേഷം ഇതില്‍ വ്യക്തത വരുത്തുമെന്നും പോലിസ് വ്യക്തമാക്കി. മൂന്ന് പ്രതികളേയും കോടതിയില്‍ ഹാജരാക്കി. പത്ത് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങാനാണ് പോലിസ് നീക്കം.