കൊവിഡ്: സപ്തംബര്‍ അവസാനത്തോടെ 18 ന് മുകളില്‍ എല്ലാവര്‍ക്കും ആദ്യ ഡോസ്

Update: 2021-08-25 00:44 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ പരമാവധി പേര്‍ക്ക് വാക്‌സിന്‍ നല്‍കി സുരക്ഷിതമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. സപ്തംബര്‍ അവസാനത്തോടെ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കുകയാണ് ലക്ഷ്യം.

അതിനായി ജില്ലകളില്‍ പ്ലാന്‍ തയ്യാറാക്കി വാക്‌സിനേഷന്‍ യജ്ഞം ശക്തിപ്പെടുത്താനും നിര്‍ദ്ദേശിച്ചു. സിറിഞ്ചുകളുടെ ക്ഷാമം പരിഹരിച്ചുവരുന്നു. 1.11 കോടി ഡോസ് വാക്‌സിന്‍ സംസ്ഥാനത്തിന് നല്‍കാമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചാല്‍ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന് കൂടിയ ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗത്തിലാണ് മന്ത്രി ഇത് വ്യക്തമാക്കിയത്. ഒന്നേമുക്കാല്‍ വര്‍ഷമായി കൊവിഡ് പ്രതിരോധത്തിനായി സമര്‍പ്പിതമായ സേവനം നടത്തുന്ന ആരോഗ്യ പ്രവര്‍ത്തകരെ മന്ത്രി അഭിനന്ദിച്ചു.

ഓണം കഴിഞ്ഞതോടെ വീണ്ടും കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ഏതു സാഹചര്യം നേരിടാനും ആശുപത്രികള്‍ സജ്ജമാക്കണം. മരണനിരക്ക് പരമാവധി കുറയ്ക്കാന്‍ ശ്രദ്ധിക്കണം. ഹോം ഐസൊലേഷനിലുള്ളവര്‍ കൃത്യമായി മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കണം. ഹോം ഐസൊലേഷനിലുള്ള ഗുരുതര രോഗമുള്ളവരെ കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കുകയും വേണം. കൊവിഡ് പരിശോധന പരമാവധി വര്‍ധിപ്പിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.

പൊതുചടങ്ങുകളില്‍ പങ്കെടുത്തവരില്‍ ആര്‍ക്കെങ്കിലും രോഗം വന്നാല്‍ മുഴുവന്‍ പേരേയും പരിശോധിക്കണം. രോഗ ലക്ഷണങ്ങളുള്ളവരും സമ്പര്‍ക്കത്തിലുള്ളവരും നിര്‍ബന്ധമായും കൊവിഡ് പരിശോധന നടത്തണം. സ്വയം ചികിത്സ പാടില്ല.മൂന്നാം തരംഗം മുന്നില്‍ കണ്ട് ആശുപത്രികളില്‍ സജ്ജമാക്കുന്ന സംവിധാനം യോഗം വിലയിരുത്തി.

Tags:    

Similar News