കൊവിഡ്: വീടുകളില്‍ കഴിയുന്നവര്‍ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശം

Update: 2020-09-22 13:48 GMT

മലപ്പുറം: കൊവിഡ് 19 സ്ഥിരീകരിച്ചവര്‍ക്ക് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ കര്‍ശന വ്യവസ്ഥകളോടെയാണ് അനുമതി നല്‍കിയിട്ടുള്ളതെന്നു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു. വൈറസ് ബാധിതരും വീട്ടില്‍ ഒരുമിച്ചു കഴിയുന്നവരും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലായിരിക്കും. നിരീക്ഷണ കാലയളവ് ആരംഭിച്ച ശേഷം 10 ദിവസത്തിനു ശേഷം വീടുകളില്‍ കഴിയുന്നവര്‍ക്കെല്ലാം കൊവിഡ് പരിശോധന നടത്തും. പരിശോധനാഫലം നെഗറ്റീവായാലും ഏഴ് ദിവസം കൂടി വീടുകളില്‍ പ്രത്യേക നിരീക്ഷണത്തില്‍ തുടരണം. പ്രാദേശികമായി മെഡിക്കല്‍ ഓഫിസര്‍ അറിയിക്കുന്ന കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍വച്ചാണ് കൊവിഡ് പരിശോധന നടത്തേണ്ടതെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ വ്യക്തമാക്കി.

വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ അനുവദിച്ചിരിക്കുന്നവര്‍

• പ്രകടമായ രോഗലക്ഷണങ്ങള്‍ ഉണ്ടാവരുത്.

• പരിചരിക്കാനായി മറ്റ് രോഗങ്ങളില്ലാത്ത ഒരാള്‍ ഉണ്ടായിരിക്കണം.

• ഗുരുതരമായ രോഗമുള്ളവര്‍ വീട്ടില്‍ ഒരുമിച്ച് താമസിക്കാന്‍ പാടില്ല.

• രോഗിക്ക് മാത്രമായി ഉപയോഗിക്കാന്‍ ബാത്ത് അറ്റാച്ച്ഡ് മുറി ഉണ്ടായിരിക്കണം.

• വീട്ടിലേക്ക് ആംബുലന്‍സ് എത്താനുള്ള സൗകര്യം ഉണ്ടായിരിക്കണം.

വീടുകളില്‍ കഴിയുന്ന കൊവിഡ് രോഗികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

• രോഗിക്ക് ഭക്ഷണം നല്‍കുമ്പോഴും നേരിട്ട് ഇടപഴകുമ്പോഴും രോഗിയും പരിചാരകരും മൂന്ന് ലയറുകളുള്ള മാസ്‌ക് ശരിയായി ധരിക്കുകയും ശാരീരിക അകലം പാലിക്കുകയും വേണം.

• ഭക്ഷണം കഴിക്കാനും മറ്റുള്ള ആവശ്യങ്ങള്‍ക്കും വീട്ടിലെ പൊതു ഇടങ്ങള്‍ പങ്കിടരുത്.

• മൊബൈല്‍ ഫോണ്‍, ടിവി റിമോര്‍ട്ട് തുടങ്ങിയവ പങ്കിടരുത്.

• ചുമക്കുമ്പോഴും തുമ്മുമ്പോഴും ശുചിത്വം പാലിക്കുക.

• സോപ്പും വെള്ളവും ഉപയോഗിച്ചോ, സാനിറ്റൈസര്‍ ഉപയോഗിച്ചോ കൈകള്‍ ഇടയ്ക്കിടെ ശുചിയാക്കുക.

• ഉപയോഗിച്ച വസ്ത്രങ്ങള്‍ ബാത്ത് റൂമില്‍ സ്വയം കഴുകി ഉണക്കേണ്ടതാണ്.

• സമീകൃത ആഹാരം കഴിക്കുക. ആവശ്യത്തിന് ചൂടുവെള്ളമോ മറ്റ് ചൂടു പാനീയങ്ങളോ കഴിക്കുക.

• നന്നായി വിശ്രമിക്കുക. ഏഴ് മുതല്‍ എട്ട് മണിക്കൂറോളം ഉറങ്ങുക.

• രോഗലക്ഷണങ്ങള്‍ കൂടുന്നതും പുതിയ ലക്ഷണങ്ങള്‍ ഉണ്ടാവുന്നതും സ്വയം നിരീക്ഷിക്കുക.

• ആരോഗ്യപരമായ അപകട സൂചനകള്‍ ഉണ്ടോയെന്ന് സ്വയം നിരീക്ഷിക്കുക.

• ഡിജിറ്റല്‍ പള്‍സ് ഓക്‌സീമീറ്റര്‍ ഉപയോഗിച്ച് ദിവസം രണ്ടുനേരം രക്തത്തിലെ ഓക്‌സിജന്റെ അളവ് പരിശോധിക്കുകയും രേഖപ്പെടുത്തി വയ്ക്കുകയും വേണം.

• പള്‍സ് ഓക്‌സീമീറ്റര്‍ റീഡിംഗ് ഫോട്ടോയെടുത്ത് വാട്‌സ് ആപ്പ് മുഖാന്തരം പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ക്ക് അയച്ചുകൊടുക്കുക.

• പള്‍സ് ഓക്‌സീമീറ്റര്‍ ബന്ധപ്പെട്ട പഞ്ചായത്ത്, ആശുപത്രി എന്നിവയില്‍ നിന്നോ, വ്യക്തിപരമായോ വാങ്ങാവുന്നതാണ്.

• ജൈവമാലിന്യങ്ങള്‍ മണ്ണില്‍ കുഴിച്ചിടുകയും കത്തിക്കാന്‍ പറ്റുന്ന അജൈവ മാലിന്യങ്ങള്‍ കത്തിച്ചുകളയും ചെയ്യുക.

അപകട സൂചനകള്‍

• ശ്വാസതടസ്സം, നെഞ്ചുവേദന, മയക്കം, കഫത്തിലും മൂക്കില്‍നിന്നുള്ള സ്രവത്തിലും രക്തം, അതിയായ ക്ഷീണം, രക്തസമ്മര്‍ദ്ദം കുറഞ്ഞ് മോഹാലസ്യം ഉണ്ടാവല്‍, കിതപ്പ്, രക്തത്തിലെ ഓക്‌സിജന്റെ അളവ് 95 ല്‍ കുറവാകുക, പള്‍സ് റേറ്റ് 100ന് മുകളിലെത്തുക തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ തൊട്ടടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ വിവരം അറിയിക്കുക.

• പള്‍സ് ഓക്‌സീമീറ്റര്‍ ഉപയോഗിക്കേണ്ടവിധം

• അഞ്ച് മിനുട്ട് ഇരുന്ന് വിശ്രമിക്കുക.

• കൈയിലെ ചൂണ്ടുവിരലില്‍ പള്‍സ് ഓക്‌സീമീറ്റര്‍ ഘടിപ്പിക്കുക.

• ഓക്‌സിജന്‍ സാക്ച്ചുറേഷന്‍ വാല്യൂ, പള്‍സ് റേറ്റ് ഇവ നോക്കുക.

• ഓക്‌സിജന്‍ സാക്ച്ചുറേഷന്‍ വാല്യൂ 95 ല്‍ കുറയുകയോ, പള്‍സ് റേറ്റ് 100ല്‍ കൂടുതല്‍ കാണുകയോ ആണെങ്കില്‍ തൊട്ടടുത്തുള്ള ആരോഗ്യപ്രവര്‍ത്തകരെ വിവരം അറിയിക്കുക.

• രോഗലക്ഷണവിവരങ്ങളും ഓക്‌സിജന്‍ സാക്ച്ചുറേഷനും എല്ലാ ദിവസവും ഒരു ഡയറിയില്‍ രേഖപ്പെടുത്തുക.

• സംശയങ്ങള്‍ ദുരീകരിക്കാനായി തൊട്ടടുത്തുള്ള ആരോഗ്യകേന്ദ്രവുമായോ, ജില്ലാ മെഡിക്കല്‍ ഓഫിസ് കണ്‍ട്രോള്‍ റൂമുമായോ ബന്ധപ്പെടുക.

കൊവിഡ് സി കാറ്റഗറി രോഗികള്‍ക്കായി 684 കിടക്കകള്‍ ഒരുക്കുന്നു

    ജില്ലയിലെ വിവിധ സിഎഫ്എല്‍ടിസികളിലും ഹജ്ജ് ഹൗസിലുമായി 'കൊവിഡ് സി' കാറ്റഗറി രോഗികളെ ചികില്‍സയ്ക്ക് ആവശ്യമായ സൗകര്യങ്ങള്‍ വിപുലമാക്കുന്നു. ഇതിനായി 684 കിടക്കകള്‍കൂടി സജ്ജമാക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു. ചികില്‍സാ സൗകര്യങ്ങള്‍ വിപുലമാക്കുന്നതിനൊപ്പം അനുബന്ധ സൗകര്യങ്ങളും ഒരുക്കിവരികയാണ്. ഡി ടൈപ്പ് ഓക്‌സിജന്‍ സിലിണ്ടര്‍, ബാക്ക് റെസ്റ്റുകളോടുകൂടിയുള്ള കട്ടിലുകള്‍ തുടങ്ങിയ സംവിധാനങ്ങള്‍ തയ്യാറാക്കിവരികയാണ്. ഇതുകൂടാതെ മഞ്ചേരി മെഡിക്കല്‍ കോളജിലും ചികില്‍സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നുണ്ട്. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നാല് വാര്‍ഡുകള്‍കൂടി കൊവിഡ് ഐസിയു ആക്കി മാറ്റുമെന്നും ഇതിലൂടെ 50 ഐസിയു കിടക്കകള്‍കൂടി അധികമായി ലഭിക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ വ്യക്തമാക്കി.

Covid: Those who stay at home are advised to strictly abide by the conditions




Tags:    

Similar News