രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,52,991 പേര്‍ക്ക് കൊവിഡ്; 2,812 മരണം
ന്യൂഡല്‍ഹി: തുടര്‍ച്ചയായ അഞ്ചാം ദിവസവും രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. കേന്ദ്ര കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം കഴിഞ്ഞ ദിവസം മാത്രം 3,52,991 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,73,13,163 ആയി.
കഴിഞ്ഞ ദിവസം മാത്രം 2,812 പേര്‍ക്ക് ജീവഹാനിയുണ്ടായിട്ടുണ്ട്. ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ച് 1,95,123 പേരാണ് മരിച്ചത്. കൊവിഡ് രോഗബാധ ആദ്യ കേസ് റിപോര്‍ട്ട് ചെയ്ത ശേഷം ഇത്രയേറെ മരണം റിപോര്‍ട്ട് ചെയ്യുന്നത് ഇതാദ്യമാണ്. നിലവില്‍ രാജ്യത്തെ കൊവിഡ് മരണനിരക്ക് 1.13 ശതമാനമാണ്. 24 മണിക്കൂറിനുള്ളില്‍ 2,19,272 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരുടെ എണ്ണം 1,43,04,382. രോഗമുക്തി നിരക്ക് ഇക്കാലയളവില്‍ കുറഞ്ഞതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
രാജ്യത്തെ പോസിറ്റിവിറ്റി നിരക്ക് ഇപ്പോള്‍ 30.21 ശതമാനമാണ്. നേരത്തെ ഇത് 32.27 ആയിരുന്നു.
രാജ്യത്ത് ഇപ്പോള്‍ വിവിധ ആശുപത്രികളിലായി 2,813,658 പേര്‍ ചികില്‍സയിലുണ്ട്. 16.25 ശതമാനത്തിന്റെ വര്‍ധനയാണ് ഇത്.
മഹാരാഷ്ട്രയില്‍ 66,191 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് സ്ഥിരീകരിച്ചു. ഇതേ സമയത്തിനുള്ളില്‍ 832 പേര്‍ മരിച്ചു. സംസ്ഥാനത്ത് ഇപ്പോള്‍ 6,98,354 സജീവ രോഗികളാണ് ഉള്ളത്. ഇന്നലെ 61,450 പേര്‍ രോഗമുക്തരായി. ഇതുവരെ ആകെ 35,30,060 പേര്‍ രോഗമുക്തരായിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ 64,760 പേര്‍ക്ക് കൊവിഡിനിരയായി ജീവന്‍ നഷ്ടപ്പെട്ടു.
കഴിഞ്ഞ ദിവസം കേരളത്തില്‍ 28,469 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 8,122 പേര്‍ രോഗമുക്തരായി. 24 മണിക്കൂറിനുള്ളില്‍ 30 പേര്‍ മരിച്ചു. ആകെ മരണം 5,110 ആണ്. സജീവ രോഗികള്‍ 2,18,893 പേര്‍.
ഡല്‍ഹിയില്‍ 22,933 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 350 പേര്‍ മരിച്ചു. സജീവ രോഗികള്‍ 94,592 പേര്‍. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 10,27,715 ആയി. മരണം 14,248.