കൊവിഡ്: മോള്‍നുപിരാവിര്‍ യുവാക്കളില്‍ പ്രത്യല്‍പ്പദാനപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പ്
ന്യൂഡല്‍ഹി: വൈറസ് ബാധയ്‌ക്കെതിരേ ഉപയോഗിക്കുന്ന മോള്‍നുപിരാവിര്‍ കൊവിഡ് രോഗത്തിനു ചികില്‍സ തേടുന്ന യുവാക്കളില്‍ പ്രയോഗിക്കരുതെന്ന് ദേശീയ ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓണ്‍ ഇമ്യുനൈസേഷന്‍ ചെയര്‍മാന്‍ ഡോ. എന്‍ കെ അറോറ. തോന്നിയ പോലുള്ള മോള്‍നുപിരാവിറിന്റെ ഉപയോഗം അപകടകരമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
മോള്‍നുപിരാവില്‍ രോഗത്തിന്റെ ആദ്യ ഘട്ടത്തില്‍ ഉപയോഗിക്കുകയാണെങ്കില്‍ കുഴപ്പമില്ല, അത് ഉപയോഗപ്രദമാണ്. ഐസിയുവിലുള്ള കിടത്തവും ആശുപത്രിപ്രവേശവും ഒഴിവാക്കും. പക്ഷേ, തോന്നിയ രീതിയില്‍ ഉപയോഗിക്കുന്നത് അപകടകരമാണ്. മുതിര്‍ന്നവരെ ചികില്‍സിക്കുമ്പോള്‍ ഉപയോഗിക്കുന്നത് ഗുണകരമാണ്. പ്രത്യേകിച്ച് നിരവധി മറ്റ് രോഗങ്ങളുള്ളവരില്‍. രോഗത്തിന്റെ തുടക്കത്തിലാണെങ്കില്‍ ഏറെ ഗുണം ചെയ്യും. രോഗം തീവ്രമാവാതിരിക്കാനും അത് ഉപയോഗപ്പെടും- ഡോ. അറോറ പറഞ്ഞു.
മോള്‍നുപിരാവിര്‍ യുവാക്കളില്‍ വലിയ തോതിലുള്ള പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. പ്രത്യേകിച്ച് പ്രത്യുല്‍പ്പാദന പ്രായത്തിലുള്ളവരില്‍. മോള്‍നുപിരാവില്‍ രോഗിയുടെ ശരീരത്തില്‍ മ്യൂട്ടേഷന് വിധേയമായും പ്രശ്‌നങ്ങളുണ്ടാക്കും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മോള്‍നുപിരാവില്‍ കൊവിഡ് ചികില്‍സയ്ക്ക് ഉപയോഗിക്കില്ലെന്ന് നേരത്തെ ഐസിഎംആര്‍ മേധാവി ഡോ. ബല്‍റാം ഭാര്‍ഗ്ഗവ പറഞ്ഞിരുന്നു. മോള്‍നുപിരാവിര്‍ അനുബന്ധരോഗങ്ങളുണ്ടാക്കുമെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്.
ജനുവരി 3ാം തിയ്യതിയോടെ മോള്‍നുപിരാവിര്‍ നിര്‍ദേശിക്കുന്നത് ഡോക്ടര്‍മാര്‍ നിര്‍ത്തിവച്ചിരുന്നു.
ഡിസംബര്‍ 3നാണ് ഡ്രഗ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ മോള്‍നുപിരാവിറിന് അടിയന്തര ഉപയോഗത്തിനുളള അനുമതി നല്‍കിയത്.