തിരുവനന്തപുരം: കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ രോഗലക്ഷണങ്ങള്‍ മിതമായി അനുഭവപ്പെടുന്ന രോഗികള്‍ പലരും വീടുകളില്‍ തന്നെ കഴിയുകയാണ്. അവര്‍ എന്തൊക്കെ മുന്‍കരുതലാണ് എടുക്കേണ്ടതെന്നതിന് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടു.
ആശുപത്രികളില്‍ വൈറസ് ബാധയുള്ള എല്ലാവരെയും പ്രവേശിപ്പിക്കേണ്ടതില്ല. ഉദാഹരണത്തിന് രണ്ടു വാക്‌സിനേഷനും കഴിഞ്ഞവര്‍ക്ക് കൊവിഡ് ബാധിച്ചാല്‍ സാധാരണ നിലയില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല. അത്തരം ആളുകള്‍ വീട്ടില്‍ തന്നെ കഴിഞ്ഞാല്‍ മതിയാകും.
ഹോം ക്വാറന്റൈനില്‍ കഴിയുന്നവര്‍ നിര്‍ബന്ധമായും അതാതിടത്തെ വാര്‍ഡ് മെമ്പര്‍മാരുടെയോ, കൗണ്‍സിലര്‍മാരുടേയോ ഫോണ്‍ നമ്പറുകള്‍ സൂക്ഷിക്കണം. തൊട്ടടുത്തുള്ള ആശാ വര്‍ക്കര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തുടങ്ങിയ ആരോഗ്യപ്രവര്‍ത്തകരുടെ നമ്പറുകളും കയ്യില്‍ കരുതണം. ടെസ്റ്റിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി ആരോഗ്യപ്രവര്‍ത്തകരുമായി ബന്ധപ്പെടണം.
ഹോം ഐസൊലേഷനില്‍ കഴിയാന്‍ നിര്‍ദ്ദേശിക്കുന്നത് കാര്യമായ രോഗലക്ഷണങ്ങളില്ലാത്ത രോഗികളോടാണ്. പക്ഷേ, അങ്ങനെ ചെയ്യുമ്പോള്‍ വീടുകളില്‍ അതിനാവശ്യമായ സൗകര്യങ്ങള്‍ ഉണ്ടെന്ന് ഉറപ്പാക്കണം. രോഗിക്ക് താമസിക്കാന്‍ ബാത്ത് റൂം അറ്റാച്ഡ് ആയ മുറി ആവശ്യമാണ്.
എ.സി ഉപയോഗിക്കാന്‍ പാടില്ല. പരമാവധി വായുസഞ്ചാരമുള്ള മുറി ആയിരിക്കണം. പരിചരിക്കുന്നവരും മുന്‍കരുതലുകള്‍ എടുക്കണം. എന്‍.95 മാസ്‌കുകള്‍ രോഗിയും പരിചരിക്കുന്നവരും അടുത്തു വരുമ്പോള്‍ ധരിക്കണം. പള്‍സ് ഓക്‌സി മീറ്റര്‍ ഉപയോഗിച്ച് എല്ലാ ദിവസവും പരിശോധിക്കണം. ലക്ഷണങ്ങള്‍ കൂടുതല്‍ ഉണ്ടാവുകയാണെങ്കില്‍ ഉടനടി ചികിത്സ തേടണം. അതിന് ഇ-സഞ്ചീവനി സംവിധാനത്തിന്റെ മൊബൈല്‍ ആപ്പ്, അല്ലെങ്കില്‍ ഓണ്‍ലൈന്‍ വഴി കണ്‍സള്‍ട്ടേഷന്‍ നടത്താം.
ആരോഗ്യപ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് ചികിത്സ ആവശ്യമാണെങ്കില്‍ ആശുപത്രിയിലേയ്ക്ക് മാറണം. വീട്ടില്‍ സൗകര്യമില്ലാത്തവര്‍ക്ക് ഡൊമിസിലിയറി കെയര്‍ ഫസിലിറ്റില്‍ ആരംഭിച്ചിട്ടുണ്ട്. സി.എഫ്എല്‍.ടി.സികളും സി.എല്‍.ടി.സികളും ശാക്തീകരിക്കുകയും ചെയ്തു. രോഗികളാകുന്ന ആര്‍ക്കും തന്നെ ഐസൊലേഷനില്‍ പോകാനോ, ചികിത്സ ലഭിക്കാനോ ബുദ്ധിമുട്ട് ഉണ്ടാകരുതെന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ ഈ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇവ കൂടുതല്‍ മികച്ചതാക്കാനുള്ള തീവ്രശ്രമം മുന്നോട്ടു കൊണ്ടുപോവുകയാണ്. ഈ സൗകര്യങ്ങള്‍ ലഭ്യമാകാന്‍ അതാതു ജില്ലകളിലെ ഹെല്‌പ്ലൈന്‍ നമ്പറുകളില്‍ വിളിക്കുക. അല്ലെങ്കില്‍ 1056 എന്ന സംസ്ഥാനതല ഹെല്‌പ്ലൈന്‍ നമ്പറില്‍ വിളിച്ചാല്‍, അവര്‍ അതാതു ജില്ലകളിലേയ്ക്ക് കണക്റ്റ് ചെയ്തു തരികയും ചെയ്യും. പരമാവധി അതാതു ജില്ലകളിലെ ഹെല്‍പ്ലൈന്‍ നമ്പറുകള്‍ തന്നെ ഉപയോഗിക്കണം.
അവശ്യഘട്ടങ്ങളില്‍ ആശുപത്രികളുമായി നേരിട്ട് ബന്ധപ്പെടുന്ന ബുദ്ധിമുട്ട് ഒഴിവാക്കിക്കൊണ്ട് 1056 എന്ന ഹെല്‍പ്ലൈനില്‍ വിളിച്ച് ഈ സൗകര്യങ്ങളുടെ ലഭ്യത ജനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താം. ഓരോ ജില്ലയിലും ഡി.പി.എം.എസ്.യു മായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററുകളുമായും വിവരങ്ങള്‍ക്കും സഹായങ്ങള്‍ക്കുമായി ബന്ധപ്പെടാം.