വണ്ടിക്ക് പിറകില്‍ കുതിരയെ കെട്ടിയിട്ട് എന്ത് കാര്യം; ലോകായുക്ത ഭേദഗതിയില്‍ എതിര്‍പ്പ് തുടരുന്നുവെന്ന് കാനം രാജേന്ദ്രന്‍

Update: 2022-02-07 06:52 GMT

തിരുവനന്തപുരം: ലോകായുക്ത ഭേദഗതിയെ ഇപ്പോഴും എതിര്‍ക്കുന്നതായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഓര്‍ഡിനന്‍സിന് എന്ത് അടിയന്തര സാഹചര്യം എന്നതാണ് സിപിഐയുടെ ചോദ്യം. അഭിപ്രായ സമന്വയമുണ്ടാക്കി മാത്രമേ എല്‍ഡിഎഫിന് മുന്നോട്ട് കൊണ്ടു പോകാനാകൂ എന്നും കാനം പറഞ്ഞു.

ഇക്കാര്യത്തില്‍ സിപിഎമ്മുമായി ചര്‍ച്ച നടന്നിട്ടില്ല. മുന്നണിക്കുള്ളില്‍ ചര്‍ച്ച ചെയ്ത് ആശയസമന്വയമുണ്ടാകണം. വണ്ടിക്ക് പിറകില്‍ കുതിരയെ കെട്ടിയിട്ട് എന്ത് കാര്യമെന്നും സിപിഎമ്മുമായി ചര്‍ച്ച നടത്തുമോ എന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടത് അദ്ദേഹത്തിന് ബോധ്യമുള്ളതു കൊണ്ടാണ്. ലോകായുക്ത ബില്‍ എത്തുമ്പോള്‍ വിയോജിപ്പുള്ളവര്‍ക്ക് അറിയിക്കാന്‍ അവസരമുണ്ട്. കാബിനറ്റില്‍ എന്ത് നടന്നു എന്ന് താന്‍ പറയില്ല, കാബിനറ്റില്‍ താന്‍ ഇല്ല.

എം ശിവശങ്കര്‍ പുസ്തകം എഴുതിയത് മാര്‍ക്കറ്റിങ് തന്ത്രമാണ്. സിപിഐക്ക് സ്വര്‍ണക്കടത്തുമില്ല, അത് രക്ഷിക്കാനുള്ള ശ്രമവും ഇല്ല. ഏത് തരത്തില്‍ പുനരന്വേഷണം വേണമെങ്കിലും നടന്നോട്ടെ. അതില്‍ സിപിഐ അഭിപ്രായം പറയുന്നില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

Tags:    

Similar News