ബിജെപി ശൈലിയിലേക്ക് കോണ്‍ഗ്രസ് മാറുന്നു; സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ദുര്‍ബലമാക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നുവെന്നും സിപിഎം

വിലക്കയറ്റത്തിനെതിരെ സംസ്ഥാനത്തെ 21 കേന്ദ്രങ്ങളില്‍ ഈ മാസം 16ന് പ്രതിഷേധിക്കും.

Update: 2021-11-11 13:03 GMT

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്താനും തടയാനും പ്രതിപക്ഷം ശ്രമിക്കുന്നുവെന്ന് സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. അക്രമോത്സുകമായ ബിജെപി ശൈലിയിലേക്ക് കോണ്‍ഗ്രസും മാറുന്നു. ജോജുവിനെ ആക്രമിച്ച ശേഷം ജോജു മാപ്പ് പറയണം എന്ന സ്ഥിതിയിയായി. ജോജുവിന്റെ ചിത്രം റീത്തില്‍ ഒട്ടിച്ച് വച്ചു. എംഎഫ് ഹുസൈനെതിരെ ബിജെപി എടുത്ത ശൈലി കോണ്‍ഗ്രസുകാര്‍ സ്വീകരിക്കുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു.

ബിജെപിക്ക് കേരളത്തിലെ കോണ്‍ഗ്രസ് ശിഷ്യപ്പെടുന്നു. വികസനത്തെ ദുര്‍ബലപ്പെടുത്തുന്ന കേന്ദ്രനയത്തിനെതിരെ എല്‍ഡിഎഫ് പ്രക്ഷോഭം സംഘടിപ്പിക്കും. കേരളത്തിലെ ജനങ്ങള്‍ നല്ല ഹിതപരിശോധന നടത്തിയാണ് എല്‍ഡിഎഫിനെ അധികാരത്തിലെത്തിച്ചത്. ഈ മാസം 16 ന് സിപിഎം 21 കേന്ദ്രങ്ങളില്‍ വിലക്കയറ്റത്തിനെതിരെ പ്രതിഷേധിക്കും.

ഇന്ധന വിലയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നടത്തുന്ന സമരത്തെ പരിഹാസത്തോടെയാണ് വിജയരാഘവന്‍ നേരിട്ടത്. പ്രതിപക്ഷ എംഎല്‍എമാര്‍ സ്ഥിരം സൈക്കളിലാണോ യാത്ര ചെയ്യുന്നതെന്ന് അദ്ദേഹം ചോദിച്ചു. പെട്രോളിനും ഡീസലിനും കേന്ദ്രം വര്‍ദ്ധിപ്പിച്ച മുഴുവന്‍ തുകയും കുറയ്ക്കണം. നരേന്ദ്ര മോദിയെ സംരക്ഷിക്കുന്നതാണ് കോണ്‍ഗ്രസ് നിലപാട്. പിണറായി സര്‍ക്കാര്‍ ജനത്തിന് മുകളില്‍ ഒരു നികുതിയും വര്‍ധിപ്പിച്ചിട്ടില്ല. ജനത്തെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമം നടക്കുന്നത്. കേരളത്തിലെ സര്‍ക്കാര്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കുന്ന സര്‍ക്കാരാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Tags:    

Similar News