കരാറുകാരെ കൂട്ടി എംഎല്‍എമാര്‍ വരരുത്: മന്ത്രിയുടെ നിലപാടിനെ പിന്തുണച്ച് എ വിജയരാഘവന്‍

മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കിയത് പൊതു നിലപാടാണ്. ഇത്തരം കാര്യങ്ങളില്‍ പൊതുനിര്‍ദേശങ്ങള്‍ സിപിഎം നല്‍കാറുണ്ട്. ആ നിര്‍ദേശങ്ങളനുസരിച്ചുള്ള നിലപാടാണ് മന്ത്രി വ്യക്തമാക്കിയത്.

Update: 2021-10-15 13:01 GMT

തിരുവനന്തപുരം: കരാറുകാരെ കൂട്ടി എംഎല്‍എമാര്‍ തന്നെ കാണാന്‍ വരരുതെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ നിലപാടിനെ പിന്തുണച്ച് സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. പാര്‍ട്ടി നിലപാടാണ് മന്ത്രി പറഞ്ഞതെന്നും വിജയരാഘവന്‍ മാധ്യമങ്ങളോട് പറഞ്ഞു.

മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കിയത് പൊതു നിലപാടാണ്. ഇത്തരം കാര്യങ്ങളില്‍ പൊതുനിര്‍ദേശങ്ങള്‍ സിപിഎം നല്‍കാറുണ്ട്. ആ നിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള നിലപാടാണ് മന്ത്രി വ്യക്തമാക്കിയത്. നല്ല നിലയില്‍ തന്നെയാണ് സര്‍ക്കാരും മന്ത്രിമാരും പ്രവര്‍ത്തിച്ചുവരുന്നത്. മികച്ച രീതിയിലുള്ള പ്രവര്‍ത്തനങ്ങളില്‍ മങ്ങലേല്‍പ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. മന്ത്രിമാരുടെ ഓഫിസ് എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് സംബന്ധിച്ച് വ്യക്തമായ സമീപനം സിപിഎമ്മിനുണ്ട്. ശുപാര്‍ശകളില്ലാതെ തന്നെ കാര്യങ്ങള്‍ വേഗത്തില്‍ നടക്കണമെന്ന് തന്നെയാണ് സര്‍ക്കാര്‍ നിലപാടെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

പരാമര്‍ശത്തില്‍ വിശദീകരണവുമായി മുഹമ്മദ് റിയാസും നേരത്തെ രംഗത്തെത്തിയിരുന്നു. എംഎല്‍എമാര്‍ക്ക് ഏതൊരു വിഷയത്തിലും മന്ത്രിയെ കാണാം. ആ നിലപാട് എടുക്കയാണ് താന്‍. ഇടതുപക്ഷത്തിന്റെ സമീപനം അതാണ്. സ്വന്തം മണ്ഡലത്തില്‍ പൊതുമരാമത്ത് പ്രവര്‍ത്തിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ടെങ്കില്‍ എംഎല്‍എമാര്‍ക്ക് മന്ത്രിയെ കാണാം. എന്നാല്‍ മറ്റൊരു മണ്ഡലത്തിലെ പ്രവര്‍ത്തിയുമായി ബന്ധപ്പെട്ട് ആ മണ്ഡലത്തിന്റെ പ്രതിനിധിയല്ലാത്ത എംഎല്‍എ വരേണ്ടതില്ലെന്നായിരുന്നു മന്ത്രി പറഞ്ഞത്.

പരാമര്‍ശത്തില്‍ തനിക്കെതിരെ എഎന്‍ ഷംസീര്‍ ഉള്‍പ്പെടെയുള്ള എംഎല്‍എമാര്‍ വിമര്‍ശനം ഉയര്‍ത്തിയെന്ന തരത്തിലുള്ള വാര്‍ത്തകളും റിയാസ് തള്ളിയിരുന്നു.

Tags:    

Similar News