ബോംബ് നിർമാണത്തിനിടെ മരിച്ചയാളുടെ വീട് സിപിഎം നേതാക്കൾ സന്ദർശിച്ചത് മനുഷ്യത്വംകൊണ്ട്: മുഖ്യമന്ത്രി
പത്തനംതിട്ട: പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ മരിച്ച ഷരിലിന്റെ വീട് സിപിഎം പ്രാദേശിക നേതാക്കള്‍ സന്ദര്‍ശിച്ചതിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മനുഷ്യത്വത്തിന്റെ ഭാഗമായാണ് സിപിഎം നേതാക്കള്‍ മരിച്ചയാളുടെ വീട്ടില്‍ പോയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
'മരിച്ച വീടുകളില്‍ പോകുന്നത് സാമൂഹ്യ ജീവിതത്തിന്റെ ഭാഗമാണ്. അതിന്റെ അര്‍ഥം അവര്‍ ചെയ്ത കുറ്റത്തോട് മൃദുസമീപനം ഉണ്ടെന്നല്ല. മനുഷ്യത്വത്തിന്റെ ഭാഗമായി കണ്ടാല്‍ മതി', മുഖ്യമന്ത്രി പറഞ്ഞു.
ബോംബ് നിര്‍മാണവും മറ്റും അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നാട്ടില്‍ ബോംബ് നിര്‍മിക്കേണ്ട യാതൊരു ആവശ്യവുമില്ല. അതിനെതിരെ നിയമപരമായ നടപടി എടുക്കുന്നുണ്ട്. അതിനകത്ത് രാഷ്ട്രീയമായി കാര്യങ്ങള്‍ കാണേണ്ടതില്ല. തെറ്റ് ചെയ്തവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ മുഖ്യമന്ത്രി രൂക്ഷവിമര്‍ശനങ്ങളും നടത്തി.