പാനൂര്‍ ബോംബ് നിര്‍മാണം; രാഷ്ട്രീയ എതിരാളികളെയും ലക്ഷ്യമിട്ടെന്ന് റിമാന്‍ഡ് റിപോര്‍ട്ട്

Update: 2024-04-10 04:16 GMT

കണ്ണൂര്‍: പാനൂരിലെ ബോംബ് നിര്‍മാണം രാഷ്ട്രീയ എതിരാളികളെയും ലക്ഷ്യമിട്ടാണെന്ന് റിമാന്‍ഡ് റിപോര്‍ട്ട്. ബോംബ് നിര്‍മാണത്തെ കുറിച്ച് മുഴുവന്‍ പ്രതികള്‍ക്കും അറിവുണ്ടായിരുന്നുവെന്നും റിമാന്‍ഡ് റിപോര്‍ട്ടില്‍ പോലിസ് പറയുന്നു. ഡിവൈഎഫ്‌ഐ ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവര്‍ തെളിവ് നശിപ്പിക്കാനും ശ്രമിച്ചു. അമല്‍ ബാബു ബോംബുകള്‍ ഒളിപ്പിച്ചു. മണല്‍ കൊണ്ടിട്ട് തെളിവ് നശിപ്പിക്കാനും പ്രതികള്‍ ശ്രമിച്ചുവെന്നും കൂടുതല്‍ പേര്‍ക്ക് കേസില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നതായും പോലിസ് റിമാന്‍ഡ് റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

രാഷ്ട്രീയ വിവാദങ്ങളും പൊട്ടിത്തെറിച്ച പാനൂര്‍ കേസില്‍ നേരിട്ട് പങ്കാളിത്തമുള്ളവരെല്ലാം ഇതിനോടകം പോലിസിന്റെ പിടിയിലായി. പന്ത്രണ്ട് പ്രതികളില്‍ ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മുഖ്യ ആസൂത്രകനായ ഷിജാല്‍, അക്ഷയ് എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഒളിവില്‍ പോകാന്‍ ഇവര്‍ക്ക് കൂടുതല്‍ പേരുടെ സഹായം കിട്ടിയെന്നാണ് നിഗമനം. ഉദുമല്‍പേട്ടയിലാണ് ഷിജാലുണ്ടായിരുന്നത്. ബോംബ് നിര്‍മാണത്തിനുള്ള വസ്തുക്കള്‍ ഇവര്‍ക്ക് എത്തിച്ചുനല്‍കിയത് ആരെന്നും സ്റ്റീല്‍ ബോംബുണ്ടാക്കാന്‍ പരിശീലനം എവിടുന്ന് കിട്ടിയെന്നും അന്വേഷിക്കുന്നുണ്ട്.

രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ പകയാണ് ബോംബ് നിര്‍മാണത്തിന് പിന്നിലെന്നാണ് പോലിസ് കണ്ടെത്തല്‍. സിപിഎം ആര്‍എസ്എസ് അനുഭാവികളാണ് ഇരുസംഘത്തിലുമെങ്കിലും ഇവര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്നായിരുന്നു പോലിസ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍, രാഷ്ട്രീയ എതിരാളികളെയും ലക്ഷ്യമിട്ട് പ്രതികള്‍ ബോംബ് നിര്‍മിച്ചത് എന്നാണ് റിമാന്‍ഡ് റിപോര്‍ട്ടില്‍ സൂചന നല്‍ക്കുന്നത്.

അതേസമയം, പ്രതികളില്‍ നിരവധി ക്രിമിനല്‍ കേസുകള്‍ ഉളളവര്‍ക്കെതിരെ കാപ്പ ചുമത്താന്‍ പോലിസ് ശുപാര്‍ശ നല്‍കിയേക്കും. പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട ഡിവൈഎഫ്‌ഐ ഭാരവാഹികള്‍ക്കെതിരെ കുറ്റം തെളിഞ്ഞാല്‍ മാത്രം നടപടിയെന്നാണ് സംഘടനയുടെ നിലപാട്. യൂണിറ്റ് ഭാരവാഹികളുണ്ടെന്ന് സംസ്ഥാന, ജില്ലാ നേതാക്കള്‍ സ്ഥിരീകരിച്ചെങ്കിലും പ്രാദേശിക നേതൃത്വം ഇപ്പോഴും അംഗീകരിച്ചിട്ടില്ല.

Tags:    

Similar News