സിപിഎം നേതൃത്വം ഇടപെട്ടു; കാരാട്ട് ഫൈസലിനെ മാറ്റി

കൊടുവള്ളി നഗരസഭയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായിരുന്നു കാരാട്ട് ഫൈസല്‍.

Update: 2020-11-17 03:51 GMT

കോഴിക്കോട്: സ്വര്‍ണക്കടത്തു കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്ത് വിട്ടയച്ച കാരാട്ട് ഫൈസലിനെ സ്ഥാനാര്‍ത്ഥിത്വത്തില്‍നിന്ന് മാറ്റി. സിപിഎം സംസ്ഥാന നേതൃത്വം ഇടപെട്ടാണ് ഫൈസലിനെ വെട്ടിയത്. കൊടുവള്ളി നഗരസഭയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായിരുന്നു കാരാട്ട് ഫൈസല്‍.

നേരത്തെ പിടിഎ റഹിം എംഎല്‍എ പ്രഖ്യാപിച്ച കൊടുവള്ളി നഗരസഭ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ കാരാട്ട് ഫൈസലും ഇടംപിടിച്ചിരുന്നു. സ്വര്‍ണക്കടത്തുകേസില്‍ അന്വേഷണസംഘം ചോദ്യം ചെയ്തയാളെ മല്‍സരിപ്പിക്കുന്നത് വിവാദത്തിന് തുടക്കമിട്ടിരുന്നു. പാര്‍ട്ടിക്കുള്ളിലും ഇത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.

ഇതേത്തുടര്‍ന്നാണ് സിപിഎം സംസ്ഥാന നേതൃത്വം ഇടപെട്ട് കാരാട്ട് ഫൈസലിനെ മാറ്റിയത്. കഴിഞ്ഞ ഭരണസമിതിയലും കാരാട്ട് ഫൈസല്‍ കൊടുവള്ളി നഗരസഭയില്‍ ഇടതു കൗണ്‍സിലര്‍ ആയിരുന്നു. തിരഞ്ഞെടുപ്പ് പ്രചരണവുമായി ഏറെ മുന്നോട്ട് പോയ ഫൈസല്‍, എല്‍ഡിഎഫ് മാറ്റിയ സാഹചര്യത്തില്‍ സ്വതന്ത്രനായി മല്‍സരിക്കുമോ എന്ന കാര്യം വ്യക്തമല്ല.

Tags:    

Similar News