സിപിഎം നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം; ബഫര്‍ സോണ്‍, ട്രേഡ് യൂനിയന്‍ രേഖ ചര്‍ച്ച ചെയ്യും
തിരുവനന്തപുരം: മൂന്നുദിവസം നീളുന്ന സിപിഎം സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാവും. രണ്ടുദിവസത്തെ സിപിഎം സംസ്ഥാനകമ്മിറ്റി യോഗമാണ് ഇന്ന് ആരംഭിക്കുക. ബഫര്‍ സോണ്‍ വിഷയം, ട്രേഡ് യൂനിയന്‍ രേഖ, ഗവര്‍ണര്‍- സര്‍ക്കാര്‍ പോര് തുടങ്ങിയവയായിരിക്കും യോഗത്തില്‍ ചര്‍ച്ചയാവുക. ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരേ പലകോണുകളില്‍ പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുന്നതിനിടെയാണ് നേതൃയോഗങ്ങള്‍ ചേരുന്നത്. ഇന്നും നാളെയും സംസ്ഥാന സമിതിയും വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റും ചേരും.
ബഫര്‍ സോണില്‍ താമരശ്ശേരി അതിരൂപത സര്‍ക്കാരിനെതിരേ പ്രത്യക്ഷ സമരം ആരംഭിച്ചുകഴിഞ്ഞു. പ്രതിപക്ഷവും ബഫര്‍സോണ്‍ വിഷയം രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ്. ഉപഗ്രഹ സര്‍വേയ്‌ക്കെതിരേ വലിയ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ ഇത് സുപ്രിംകോടതിയില്‍ സമര്‍പ്പിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയെങ്കിലും പ്രതിപക്ഷവും സമരക്കാരും ഇത് മുഖവിലയ്‌ക്കെടുത്തിട്ടില്ല. ബഫര്‍ സോണ്‍ വിഷയത്തില്‍ പ്രതിഷേധമുയര്‍ത്തുന്നവര്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുന്നതിനുള്ള പ്രചാരണ പരിപാടികളും യോഗത്തില്‍ ചര്‍ച്ചയാവും. ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളും യോഗത്തിന്റെ പ്രധാന അജണ്ടയാവും.
സംസ്ഥാന സമ്മേളനം അംഗീകരിച്ച നവകേരള രേഖയിലെ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി വ്യവസായ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനാണ് ട്രേഡ് യൂനിയന്‍ രേഖ പുതുക്കുന്നത്. ട്രേഡ് യൂനിയന്‍ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരേ സിപിഎം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച റിപോര്‍ട്ടില്‍ നേരത്തെ വിമര്‍ശനമുയര്‍ന്നിരുന്നു. എല്‍ഡിഎഫ് ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന നവകേരള രേഖയിലെ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി വ്യവസായ അന്തരീക്ഷം മെച്ചപ്പെടുത്താന്‍ പാര്‍ട്ടിയുടെ ട്രേഡ് യൂനിയന്‍ രേഖ പുതുക്കാനാണ് പാര്‍ട്ടി ആലോചന.
തൊഴില്‍രംഗത്ത് തെറ്റെന്ന് എല്ലാവര്‍ക്കും ബോധ്യമുള്ള കാര്യങ്ങള്‍ തിരുത്തണമെന്ന കാഴ്ചപ്പാടാവും സിപിഎം മുന്നോട്ടുവയ്ക്കുന്നത്. ഗവര്‍ണര്‍ സര്‍ക്കാര്‍ പോര്, തിരുവനന്തപുരം കോര്‍പറേഷന്‍ കത്ത് വിവാദം തുടങ്ങിയ രാഷ്ട്രീയ വിഷയങ്ങളില്‍ സര്‍ക്കാര്‍ നിലപാടും പ്രവര്‍ത്തന നേട്ടങ്ങളും വിശദീകരിച്ച് ഭവനസന്ദര്‍ശനം അടക്കമുള്ള കാര്യങ്ങളും പാര്‍ട്ടി ആലോചിക്കുന്നുണ്ട്. ഭരണഘടനയെ അവഹേളിച്ചെന്ന ആരോപണം നേരിട്ട വിവാദപ്രസംഗത്തില്‍ പോലിസ് കുറ്റവിമുക്തനാക്കിയ സജി ചെറിയാന്‍ മന്ത്രി സ്ഥാനത്തേക്ക് മടക്കിക്കൊണ്ടുവരുന്നതിനെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്‌തേക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ലീഗ് അനുകൂല പരാമര്‍ശവും ചര്‍ച്ചയാവും.