മനുവിന്റെ ആരോപണങ്ങളിൽ മൗനം തുടർന്ന് സിപിഎം നേതൃത്വം; പ്രതികരിക്കാതെ എംവി ഗോവിന്ദനും പി ജയരാജനും

Update: 2024-06-29 08:52 GMT

കണ്ണൂര്‍: സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജനെതിരെ മനു തോമസ് ഉന്നയിച്ച ആരോപണങ്ങളില്‍ മൗനം തുടര്‍ന്ന് നേതൃത്വം. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ നിലപാടിനെ മറികടന്ന് പി ജയരാജന്‍ ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റ് വിഷയം വഷളാക്കിയെന്ന് സിപിഎമ്മിലെ ഒരു വിഭാഗം ആരോപിക്കുന്നു. വിഷയത്തില്‍ പ്രതികരിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പി ജയരാജനും തയ്യാറായില്ല.

പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗമായ നേതാവിനെതിരെ ഉയര്‍ന്നത് ഗുരുതര ആരോപണങ്ങളാണ്.സ്വര്‍ണക്കടത്ത് കൊട്ടേഷന്‍ സംഘങ്ങളുമായി ബന്ധം, പാര്‍ട്ടിയില്‍ ഗ്രൂപ്പ് ഉണ്ടാക്കാന്‍ ശ്രമിച്ചു, ഇങ്ങനെ പോകുന്നു ആരോപണങ്ങള്‍. എന്നാല്‍ ജയരാജനെതിരായ ആരോപണങ്ങളെ പ്രതിരോധിക്കാന്‍ പാര്‍ട്ടി നേതൃത്വം ഇതുവരെ രംഗത്ത് എത്തിയില്ല. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയോട് ചോദിക്കാന്‍ പറഞ്ഞ് ഒഴിയുകയാണ് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ചെയ്തത്.

പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ മൗനാനുവാദത്തോടെയാണ് പി ജയരാജനെതിരായ മനു തോമസിന്റെ നീക്കമെന്നും സൂചനയുണ്ട്. എന്നാല്‍ ആരോപണങ്ങളോട് പ്രതികരിക്കാന്‍ പി ജയരാജന്‍ തയ്യാറായില്ല. വിവാദങ്ങള്‍ക്കിടെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗം തുടരുകയാണ്. ജയരാജനെതിരെ ഉയര്‍ന്ന ആരോപണങ്ങളും തുടര്‍ പ്രതികരണങ്ങളും യോഗം ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.

Tags:    

Similar News