മയ്യിലില്‍ സിപിഎമ്മിന്റെ കൊലവിളി ജാഥ: പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ച സ്പീക്കറുടെ നടപടിക്കെതിരേ രമേശ് ചെന്നിത്തല
''രാഷ്ട്രീയ എതിരാളികളെ ശാരീരികമായി ഇല്ലായ്മ ചെയ്യുന്ന അപരിഷ്‌കൃതവും പൈശാചികവുമായ നടപടിയാണ് സിപിഎം എല്ലാകാലത്തും സ്വീകരിച്ചു പോന്നിട്ടുള്ളത്. സിപിഎം വിട്ടു പോയതിന്റെ പേരില്‍ 51 വെട്ട് വെട്ടി കൊന്ന ടി പി ചന്ദ്രശേഖരന്‍ ഒരു പ്രതീകമായി കേരളത്തിനു മുന്നില്‍ നിലനില്‍ക്കുന്നുണ്ട്''
തിരുവനന്തപുരം: കണ്ണൂരിലെ മയ്യിലില്‍ സിപിഎം നടത്തിയ കൊലവിളിയും അവിടുത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമവും സംസ്ഥാന നിയമസഭയില്‍ ഉന്നയിക്കാനുള്ള സണ്ണി ജോസഫ് എംഎല്‍എയുടെ പ്രമേയത്തിന് അനുമതി നല്‍കാതിരുന്ന സ്പീക്കറുടെ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
രാഷ്ട്രീയ എതിരാളികളെ ശാരീരികമായി ഇല്ലായ്മ ചെയ്യുന്ന അപരിഷ്‌കൃതവും പൈശാചികവുമായ നടപടിയാണ് സിപിഎം എല്ലാകാലത്തും സ്വീകരിച്ചു പോന്നിട്ടുള്ളത്. സിപിഎം വിട്ടു പോയതിന്റെ പേരില്‍ 51 വെട്ട് വെട്ടി കൊന്ന ടി പി ചന്ദ്രശേഖരന്‍ ഒരു പ്രതീകമായി കേരളത്തിനു മുന്നില്‍ നിലനില്‍ക്കുന്നുണ്ട്. ആഫ്രിക്കന്‍ കാടുകളില്‍ പണ്ട് ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്ന നരഭോജികളായ കാനിബാള്‍സിന്റെ ചിത്രമാണ് ടി പി വധത്തിലൂടെ നമുക്ക് കാണാന്‍ കഴിയുന്നതെന്ന് ചെന്നിത്തല പറഞ്ഞു. ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് ചെന്നിത്തല സര്‍ക്കാരിനെതിരേ ആഞ്ഞടിച്ചത്.
പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം മാത്രം കേരളത്തില്‍ 35 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നു. ഷുഹൈബും, കൃപേഷും, ശരത് ലാലും ഉള്‍പ്പെടെ നിരവധി ചെറുപ്പക്കാര്‍ സിപിഎമ്മിന്റെ കൊലക്കത്തിക്കിരയായി. എന്നിട്ടും രക്തദാഹം തീരാതെ കൊലവിളിയുമായി നടക്കാന്‍ സിപിഎം കൊലയാളികള്‍ക്ക് സാധിക്കുന്നത് ഭരണത്തിന്റെ തണലുള്ളതുകൊണ്ടാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിനു ശേഷം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നേരെ ഭീഷണിയും മര്‍ദ്ദനങ്ങളും ഉണ്ടായി. ഒരു ജനാധിപത്യ സംവിധാനത്തില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ പുലര്‍ത്തേണ്ട സാമാന്യ മര്യാദ പോലും സിപിഎം പ്രകടിപ്പിക്കുന്നില്ല. ജനങ്ങളില്‍ ഭയവും അരക്ഷിതാവസ്ഥയും പരിഭ്രാന്തിയും സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ് സിപിഎമ്മിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. സിപിഎം പ്രതിനിധാനം ചെയ്യുന്ന ഈ രാഷ്ട്രീയ ഭീകരതയുടെ ചിത്രം വരച്ചുകാട്ടാന്‍ ആണ് സണ്ണി ജോസഫ് ഇന്ന് ശ്രമിച്ചത്.
വാളയാര്‍ കേസിലെ പ്രതികളെ രക്ഷിക്കാന്‍ ഒത്തുകളിച്ചതും, ഷുഹൈബിന്റെയും കൃപേഷിന്റെയും, ശരത് ലാലിന്റെയും കൊലപാതകികളെ സംരക്ഷിക്കാന്‍ പൊതുഖജനാവില്‍ നിന്ന് കോടിക്കണക്കിന് രൂപ മുടക്കി സുപ്രീംകോടതി വരെ കേസ് നടത്തുകയും ചെയ്ത പിണറായി സര്‍ക്കാരിന്റെ നടപടികള്‍ കേരളം കണ്ടതാണ്. എന്ത് രാഷ്ട്രീയ ഭീകരത അഴിച്ചുവിട്ടാലും സംരക്ഷിക്കാന്‍ ഇവിടെ ഒരു സര്‍ക്കാരും മുഖ്യമന്ത്രിയുമുണ്ട് എന്നതാണ് തുടര്‍ച്ചയായി ഇത്തരം അക്രമങ്ങളും കൊലവിളി പ്രസംഗങ്ങളും ഭീഷണികളും സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ഉണ്ടാകാനുള്ള കാരണം.
സിപിഎം നടത്തുന്ന ഈ അക്രമരാഷ്ട്രീയത്തെക്കുറിച്ച് സഭയില്‍ പ്രമേയം അവതരിപ്പിക്കാന്‍ നിയമസഭയുടെ അവസാന ദിനമായ ഇന്നു പോലും അനുവാദം നല്‍കാത്ത സ്പീക്കര്‍ , പിണറായി സര്‍കാരിന്റെ പാവയായി മാറിയിരിക്കുകയാണ്. സ്പീക്കര്‍ പദവിയില്‍ നിന്നും ശ്രീരാമകൃഷ്ണനെ മാറ്റണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം പൂര്‍ണ്ണമായും സാധൂകരിക്കുന്നതാണ് സ്പീക്കറുടെ രാഷ്ട്രീയക്കളി- ചെന്നിത്തല പറഞ്ഞു.