തിരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനങ്ങള്‍ നടക്കുന്ന പ്രദേശങ്ങളിലെ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ക്കെതിരേ ക്രിമിനല്‍കേസ്; നിലപാട് കടുപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് വിജയത്തോടനുബന്ധിച്ചുള്ള ആഹ്ലാദപ്രകടനങ്ങള്‍ നടത്തുന്നതിനെതിരേ നിലപാട് കടുപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. തിരഞ്ഞെടുപ്പ് ആഘോഷ പ്രടനങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കാനും നിരോധനം മറികടന്ന് ആഘോഷങ്ങള്‍ നടന്നപ്രദേശങ്ങളിലെ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ക്കെതിരേ ക്രിമിനല്‍കേസെടുക്കാനും ചീഫ് സെക്രട്ടറിമാരോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു.
കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ എല്ലാ വിധ വിജയാഘോഷപ്രകടനങ്ങളും കമ്മീഷന്‍ നിരോധിച്ചിട്ടുണ്ട്. അതുസംബന്ധിച്ച ഉത്തരവ് നേരത്തെ പുറപ്പെടുവിച്ചിട്ടുമുണ്ട്. പക്ഷേ, പല സംസ്ഥാനങ്ങളിലും വലിയ തോതില്‍ പ്രകടനങ്ങല്‍ നടന്നു. തമിഴ്‌നാട്ടില്‍ ഡിഎംകെ ആസ്ഥാനത്തും ബംഗാളില്‍ തൃണമൂല്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തിലും ആഘോഷങ്ങള്‍ നടന്നു. അതുകൂടി കണക്കിലെടുത്താണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.
കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ വലിയ ആള്‍ക്കൂട്ടങ്ങള്‍ ഉള്ള റാലികള്‍ സംഘടിപ്പിച്ചതിനെതിരേ കോടതികള്‍ കമ്മീഷനെതിരേ രംഗത്തുവന്നിരുന്നു. അതുകൂടി കണക്കിലെടുത്തായിരിക്കണം പുതിയ ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് കുരുതുന്നത്.