കൊച്ചി: താര സംഘടനയായ 'അമ്മ'യില്‍ അസാധാരണ പ്രതിസന്ധി.ആരോപണ വിധേയരായവരെ പുറത്താക്കാന്‍ ഒരു വിഭാഗം രംഗത്തെത്തിയതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. സീനിയര്‍ താരങ്ങള്‍ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിലും തുടര്‍ന്നുള്ള നടികളുടെ ആരോപണങ്ങളിലും പ്രതികരിക്കാത്തതും പ്രശ്‌നം കൂടുതല്‍ പ്രതിസന്ധിയിലാക്കി. അമ്മയുടെ നേതൃത്വം തുടര്‍നീക്കങ്ങളില്‍ നിയമോപദേശം തേടി. ബൈലോ പ്രകാരം നിലവിലെ എക്സിക്യൂട്ടിവ് പിരിച്ചു വിടാനും ആലോചന ഉണ്ട്. വീണ്ടും തെരഞ്ഞെടുപ്പ് വേണമെന്നും സംഘടനയില്‍ ആവശ്യം ഉയര്‍ന്നിട്ടുണ്ട്. എക്സിക്യൂട്ടിവ് പുനഃക്രമീകരണം അസാധ്യമായതോടെയാണ് പുതിയ ആലോചനകള്‍.
നേതൃനിരയിലെ തരങ്ങള്‍ക്ക് എതിരെ ആരോപണങ്ങള്‍ വരുന്നതാണ് പുനഃക്രമീകരണത്തില്‍ പ്രതിസന്ധി. സംഘടനാ നേതൃത്വത്തിലെ താരങ്ങള്‍ക്കെതിരെ ഒന്നൊഴിയാതെ വരുന്ന ആരോപണങ്ങളാണ് അമ്മയെ വലയ്ക്കുന്നത്. ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ സിദ്ദിഖിന് പകരം ചുമതലക്കാരനായ ബാബുരാജിനെതിരെയും ലൈംഗികാരോപണം ഉയര്‍ന്നത് വീണ്ടും തിരിച്ചടിയായി.ബാബുരാജിനെ ജനറല്‍ സെക്രട്ടറിയാക്കരുതെന്ന് നടി ശ്വേതമേനോനും ആവശ്യപ്പെട്ടിട്ടുണ്ട്.
പരാതിക്കാരെ പ്രതിസന്ധിയിലാക്കാനാണ് അമ്മയിലെ ചില താരങ്ങളുടെ ശ്രമമെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഇന്ന് നിശ്ചയിച്ചിരുന്ന എക്‌സിക്യൂട്ടീവ് യോഗം മാറ്റിയതില്‍ ഉള്‍പ്പെടെ പ്രതിസന്ധി നിഴലിക്കുന്നു. പ്രസിഡന്റ് മോഹന്‍ലാലിന്റെ അസൗകര്യമാണ് കാരണമെന്ന് പറയുമ്പോഴും സംഘടനാ നേതൃത്വത്തിലെ താരങ്ങള്‍ക്കെതിരെ ഒന്നൊഴിയാതെ വരുന്ന ലൈംഗികാരോപണങ്ങളാണ് എക്‌സിക്യൂട്ടീവ് യോഗം ചേരുന്നതിലെ പ്രധാന വെല്ലുവിളി.