തിരുവനന്തപുരം: മലയാള സിനിമയിലെ ചൂഷണം സംബന്ധിച്ച ഹേമാ കമ്മിറ്റി റിപോര്‍ട്ടിലെ പോക്‌സോ സ്വഭാവമുള്ള മൊഴികളില്‍ സ്വമേധയാ കേസെടുക്കാന്‍ അന്വേഷണസംഘത്തിന്റെ തീരുമാനം. പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ ചൂഷണത്തിനിരയാക്കിയെന്ന മൊഴികളില്‍ ബന്ധപ്പെട്ട പോലിസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കുക. എന്നാല്‍, ഇതുസംബന്ധിച്ച് വീണ്ടും മൊഴിയെടുക്കാതെ ഹേമാ കമ്മിറ്റി റിപോര്‍ട്ടിനെ ആധാരമാക്കാനാണ് തീരുമാനം. ഇരകളുടെ സ്വകാര്യത മാനിച്ചാണ് തീരുമാനമെന്നറിയുന്നു.
ഇതിനു പുറമെ, കമ്മിറ്റി നല്‍കിയ മറ്റ് 20ഓളം മറ്റുമൊഴികളും ഗുരുതരസ്വഭാവത്തിലുള്ളതാണെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ഇതില്‍ കേസെടുക്കാന്‍ സാധ്യതയുള്ള മൊഴി നല്‍കിയവരുടെ പട്ടിക തയ്യാറാക്കി അന്വേഷണസംഘം മേധാവിക്ക് കൈമാറിയിട്ടുണ്ട്. അവരില്‍നിന്ന് ഐപിഎസ് തലത്തിലുള്ള ഉദ്യോഗസ്ഥര്‍തന്നെ വീണ്ടും മൊഴിയെടുക്കും. കേസുമായി മുന്നോട്ടുപോവാനാണ് അവരുടെ തീരുമാനമെങ്കില്‍ രജിസ്റ്റര്‍ ചെയ്യാനാണ് തീരുമാനമെന്നാണ് സൂചന.