തരൂരിനെതിരായ പോസ്റ്റ്; വ്യാജ ഫേസ്ബുക്ക് പേജിനെതിരേ പോലിസില്‍ പരാതി നല്‍കി നാട്ടകം സുരേഷ്
കോട്ടയം: ശശി തരൂര്‍ എംപിയെ വിമര്‍ശിച്ചുള്ള വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിനെതിരേ പോലിസില്‍ പരാതി നല്‍കി കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്. തരൂരിനെതിരേ പോസ്റ്റ് വന്ന കോട്ടയം ഡിസിസി എന്ന പേജ് പാര്‍ട്ടിയുടെ ഔദ്യോഗിക പേജ് അല്ലെന്നും വ്യാജ പേജ് നിര്‍മിച്ചവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് കോട്ടയം എസ്പിക്ക് നാട്ടകം സുരേഷ് പരാതി നല്‍കിയത്.
തരൂരിന്റെ കോട്ടയം സന്ദര്‍ശനത്തെത്തുടര്‍ന്നുള്ള വിവാദങ്ങള്‍ കനക്കുന്നതിനിടെയാണ് തരൂരിനെ മോശമായി പരാമര്‍ശിക്കുന്നതും നാട്ടകം സുരേഷിനെ പരസ്യമായി പിന്തുണച്ചും പ്രകീര്‍ത്തിച്ചുമുള്ള എഫ്ബി പോസ്റ്റ് കോട്ടയം ഡിസിസി എന്ന പേജില്‍ വന്നത്. സോണിയാ ഗാന്ധിയുടെ അടുക്കളയിലെ പാത്രം കഴുകി കോണ്‍ഗ്രസായ ശേഷം പാര്‍ലമെന്റ് സീറ്റ് മേടിച്ച് വിമാനത്തില്‍ ഇറങ്ങിയ ആളല്ല നാട്ടകം സുരേഷ് എന്ന തലക്കെട്ടില്‍ വന്ന പോസ്റ്റാണ് വിവാദങ്ങള്‍ക്ക് വഴിവച്ചത്. ഇത് മാധ്യമങ്ങളിലടക്കം ചര്‍ച്ചയായതോടെ വിവാദ പോസ്റ്റ് പിന്‍വലിച്ചിരുന്നു. ഡിസിസി പ്രസിഡന്റിന്റെ ചിത്രത്തോടെയാണ് കുറിപ്പ് പ്രത്യക്ഷപ്പെട്ടത്.
ഡിസിസിയുടെ പേരിലുള്ള ഫെയ്‌സ്ബുക്ക് പേജില്‍ വന്ന പോസ്റ്റ് തള്ളി നാട്ടകം സുരേഷ് തുടക്കത്തില്‍ തന്നെ രംഗത്തെത്തിയിരുന്നു. വിവാദ പോസ്റ്റ് വന്നത് വ്യാജ അക്കൗണ്ടിലാണ്. ഡിസിസിക്ക് ഔദ്യോഗിക പേജില്ല. 2017ല്‍ ആരോ ഉണ്ടാക്കിയ പേജാണിതെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. നേരത്തെ കോട്ടയത്ത് പൊതുപരിപാടിക്കെത്തിയ തരൂര്‍ ഡിസിസിയെ അറിയിക്കാതെയാണ് വന്നതെന്ന് നാട്ടകം സുരേഷ് ആരോപിച്ചിരുന്നു. പരിപാടികളില്‍ നിന്ന് വിട്ടുനിന്ന അദ്ദേഹം തരൂരിനെതിരേ കെപിസിസിക്ക് പരാതി നല്‍കുമെന്നും വ്യക്തമാക്കിയിരുന്നു. മലബാറിലെ പര്യടനത്തിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ തരൂരിനെ പങ്കെടുപ്പിച്ച് ഈരാറ്റുപേട്ടയില്‍ നടന്ന പരിപാടിയാണ് വിവാദങ്ങള്‍ക്ക് വഴിവച്ചത്.