ന്യൂഡല്‍ഹി: ആര്‍ജെഡി അധ്യക്ഷനും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും റെയില്‍വേ മുന്‍ മന്ത്രിയുമായ ലാലു പ്രസാദ് യാദവ് പ്രതിയായ റെയില്‍വേ നിയമന അഴിമതിക്കേസില്‍ തെളിവുകള്‍ കിട്ടിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ലാലു പ്രസാദിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 600 കോടി രൂപയുടെ അഴിമതി നടന്നതായി തെളിവുകള്‍ കിട്ടിയെന്നും അനധികൃതമായി സൂക്ഷിച്ച പണവും സ്വര്‍ണവും കണ്ടെടുത്തതായും ഇഡി അറിയിച്ചു. ലാലു പ്രസാദിന്റെ മക്കളുടെ വീടുകള്‍ ഉള്‍പ്പടെ 24 ഇടങ്ങളിലാണ് ഇഡി പരിശോധന നടത്തിയത്. വൃക്ക മാറ്റിവയ്ക്കല്‍ ചികില്‍സയ്ക്ക് പിന്നാലെ ലാലുവിനെ കഴിഞ്ഞദിവസം സിബിഐ ചോദ്യം ചെയ്തിരുന്നു. കേന്ദ്ര റെയില്‍വേ മന്ത്രിയായിരുന്ന കാലത്ത് കോഴവാങ്ങി റെയില്‍വേയില്‍ ജോലി നല്‍കിയെന്നാണ് ലാലുവിനെതിരായ കേസ്.