അതിരപ്പള്ളിയില്‍ മുതല വീട്ടില്‍ കയറി

ഒന്നര മണിക്കൂറോളം പരിശ്രമിച്ചിട്ടും മുതല ഇറങ്ങിപ്പോയില്ല. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ തീപ്പന്തം കാണിച്ചാണ് മുതലയെ പുറത്തിറക്കിയത്.

Update: 2020-12-09 07:15 GMT

തൃശൂര്‍: അതിരപ്പള്ളി പുഴയുടെ അടുത്തുള്ള വീട്ടില്‍ മുതല കയറി. അതിരപ്പള്ളി വെള്ളച്ചാട്ടത്തിനു സമീപവാസിയായ തച്ചിയത്ത് ഷാജന്റെ വീട്ടിലാണ് മുതല എത്തിയത്. പുലര്‍ച്ച അഞ്ചു മണിക്ക് ഷാജന്‍ വീടിന്റെ വാതില്‍ തുറന്നപ്പോഴാണ് വരാന്തയില്‍ കിടക്കുന്ന മുതലയെ കണ്ടത്. അപ്രതീക്ഷിത അതിഥിയെ കണ്ട ഷാജന്‍ തിരികെ അകത്തേക്ക് ഓടിക്കയറി രക്ഷപ്പെട്ടു.


ഉടന്‍ തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. തുടര്‍ന്ന് വനം വകുപ്പ് എത്തി മുതലയെ പൈപ്പ് കൊണ്ടും വടി കൊണ്ടും തള്ളിനീക്കി പുറത്തിറക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒന്നര മണിക്കൂറോളം പരിശ്രമിച്ചിട്ടും മുതല ഇറങ്ങിപ്പോയില്ല. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ തീപ്പന്തം കാണിച്ചാണ് മുതലയെ പുറത്തിറക്കിയത്. പിന്നീട് കുരുക്കിട്ട് കെട്ടി പത്തോളം പേര്‍ ചേര്‍ന്ന് വലിച്ചാണ് പൂര്‍ണ വളര്‍ച്ചയെത്തിയ വലിയ മുതലയെ പുഴയിലെത്തിച്ചത്.


രാത്രി വരാന്തയില്‍ ശബ്ദം കേട്ടിരുന്നുവെങ്കിലും കാര്യമാക്കിയില്ല എന്നു വീട്ടുകാര്‍ പറയുന്നു. കുരങ്ങോ, പട്ടിയോ ആകുമെന്നാണ് കരുതിയത്. രണ്ടു വയസ്സുള്ള കുട്ടി ഉള്‍പ്പടെ താമസിക്കുന്ന വീട്ടിലാണ് മുതലയെ കണ്ടത്. അതിന്റെ ഞെട്ടലിലാണ് വീട്ടുകാര്‍. അതിരപ്പള്ളി വെള്ളച്ചാട്ടത്തിനു താഴെയുള്ള പ്രദേശം മുതലകളുടെ ആവാസമേഖലയാണെന്ന് വനംവകുപ്പ് പറയുന്നുണ്ട്. വെള്ളച്ചാട്ടത്തിനു താഴെയുള്ള പ്രദേശത്ത് കുളിക്കാനിറങ്ങുന്നത് അപകടകരമാണ്. അവിടെ മുതലയുണ്ടാകാന്‍ സാധ്യതയുണ്ട്. പുഴയില്‍ നിന്നും കയറി മുതലകള്‍ ജനവാസ മേഖലയിലേക്ക് വരാറില്ല. എന്നാല്‍ പുതിയ സംഭവത്തോടെ പ്രദേശവാസികള്‍ ഭീതിയിലാണ്.




Tags:    

Similar News