അനില്‍ അക്കരയുടേത് മുതലക്കണ്ണീര്‍: അനില്‍ അക്കര മാപ്പുപറയണമെന്നും മന്ത്രി എ സി മൊയ്തീന്‍

Update: 2020-10-21 05:00 GMT

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ലാറ്റ് ഉടന്‍ പൂര്‍ത്തിയാക്കി അര്‍ഹരായവര്‍ക്ക് കൈമാറണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധിയായ അനില്‍ അക്കര മുഖ്യമന്ത്രിക്ക് നല്‍കിയ കത്ത് മുതലക്കണ്ണീരാണെന്ന് തദ്ദേശസ്വയം ഭരണവകുപ്പ് മന്ത്രി എ സി മൊയ്തീന്‍. പാവപ്പെട്ടവന് കിടപ്പാടം നല്‍കുന്ന പദ്ധതിയുമായി സഹകരിക്കാനുള്ള നന്മ എം.എല്‍.എയ്ക്ക് ഇല്ലാതെ പോയതാണ് ഇക്കഴിഞ്ഞ നാളുകളില്‍ വടക്കാഞ്ചേരി നേരിട്ട കെടുതികളിലൊന്ന്. അഴിമതിയാരോപണമെന്ന പുകമറയില്‍ പദ്ധതിയെ തകിടം മറിക്കാനായിരുന്നു അക്കരയുടെ ശ്രമമെന്നും മന്ത്രി ആരോപിച്ചു. ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് മന്ത്രി, എംഎല്‍എക്കെതിരേ ആഞ്ഞടിച്ചത്.

കമ്മീഷന്‍ കൊടുത്തതിലുള്ള വേവലാതിയോ അഴിമതി വിരുദ്ധതയോ ഒന്നും കൊണ്ടല്ല സിബിഐക്ക് പരാതി അയച്ചതെന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്കറിയാം. ആരോപണക്കൊടുങ്കാറ്റ് സൃഷ്ടിച്ച് മുഖ്യമന്ത്രിയേയും, സര്‍ക്കാരിനെയും പ്രതിസ്ഥാനത്ത് നിര്‍ത്താനുള്ള കോണ്‍ഗ്രസ്സ് - ബി ജെ പി ഇരട്ടകളുടെ അവിഹിത കൂട്ടുകെട്ടിന് ചൂട്ട് കത്തിച്ച് മുമ്പേ നടക്കാനുള്ള ശ്രമമാണ് ഇയാള്‍ നടത്തിയത്. കേസ് സിബിഐയെ ഏല്‍പ്പിക്കുക, പദ്ധതി കലക്കുക, ജനവികാരം സര്‍ക്കാരിനെതിരെ തിരിക്കുക എന്നതായിരുന്നു കുബുദ്ധി. ഇല്ലാത്ത പൂച്ചയെ ഇരുട്ടില്‍ തപ്പുന്ന പോലെ എം.പി.യെയും മറ്റ് വേണ്ടപ്പെട്ടവരെയും കൂട്ടി നീതു ജോണ്‍സണ്‍ എന്ന കുട്ടിയെത്തേടി മണ്ഡലത്തില്‍ നടത്തിയ കാത്തിരിപ്പു നാടകം പോലും എട്ടു നിലയിലാണ് പൊട്ടിയതെന്നും മന്ത്രി പരിഹസിച്ചു.

അന്വേഷണത്തിലേക്ക് വലിച്ചിഴച്ചതില്‍ അനിലിന് ലഭിച്ച നേട്ടം വടക്കഞ്ചേരി ഫ്‌ലാറ്റ് പണി നിര്‍ത്തിക്കാനും കരാര്‍ ഏറ്റെടുത്ത നിര്‍മാണ കമ്പനിയെ അത് ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കാനും കഴിഞ്ഞു എന്നത് മാത്രമാണെന്നും മന്ത്രി ആരോപിച്ചു.

വികസന മന്ത്രമുരുവിട്ടാണ് അക്കര ജനങ്ങളെ അഭിമുഖീകരിച്ചത്. എന്നാല്‍, രാഷ്ട്രീയ നാടകങ്ങള്‍ മാത്രം മുഖമുദ്രയാക്കി കഴിഞ്ഞ നാലരവര്‍ഷം നടത്തിയ പ്രവര്‍ത്തനം മണ്ഡലത്തിന്റെ ഹൃദയതാളം തെറ്റിച്ചിരിക്കുകയാണ്. മണ്ഡലത്തിലെ പാവപ്പെട്ടവരെ വഞ്ചിച്ച്, ഇപ്പോള്‍ മുതലക്കണ്ണീര്‍ ഒഴുക്കുന്ന എംഎല്‍എ നാടിനോട് തന്റെ തെറ്റ് ഏറ്റ് പറഞ്ഞ് മാപ്പ് ചോദിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.



Tags:    

Similar News