വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി: വിദേശ സഹായം കൈപ്പറ്റാന്‍ തീരുമാനിച്ചത് മുഖ്യമന്ത്രി; തെളിവുകള്‍ പുറത്തുവിട്ട് അനില്‍ അക്കര

Update: 2023-03-03 09:57 GMT

തൃശൂര്‍: വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ തെളിവുകള്‍ പുറത്തുവിട്ട് മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ അനില്‍ അക്കര. വിദേശ സഹായം കൈപ്പറ്റാന്‍ തീരുമാനിച്ചത് മുഖ്യമന്ത്രി അധ്യക്ഷനായ യോഗത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ക്ലിഫ് ഹൗസില്‍ യോഗം ചേര്‍ന്നതിന്റെ റിപോര്‍ട്ടും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടു. ഫ് ളാറ്റ് പണിയാന്‍ യുണിടാക്കിന് അനുമതി നല്‍കിയത് ഈ യോഗത്തിലാണെന്നും കോണ്‍സല്‍ ജനറലും റെഡ്ക്രസന്റ് പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തെന്നും അനില്‍ അക്കര വിശദീകരിച്ചു.

ലൈഫ് മിഷന്‍ സിഇഒ യു വി ജോസ് മുന്‍ തദ്ദേശസ്വയംഭരണ മന്ത്രി എ സി മൊയ്തീന്റെ പ്രൈവറ്റ് സെക്രട്ടറിക്ക് നല്‍കിയ കത്താണ് അനില്‍ അക്കര പുറത്തുവിട്ടത്. യുഎഇ റെഡ് ക്രെസെന്റ് ജനറല്‍ സെക്രട്ടറി, കോണ്‍സുല്‍ ജനറല്‍, രണ്ട് പ്രതിനിധികള്‍, വ്യവസായി എം എ യൂസഫലി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തുവെന്നും കത്തിലുണ്ട്. അഴിമതിയുമായി ബന്ധമില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് അടിസ്ഥാനരഹിതമാണ്. ലൈഫ് മിഷന്‍ അഴിമതിയുടെ ഗൂഢാലോചനയുടെ തുടക്കം ക്ലിഫ് ഹൗസില്‍ നിന്നാണെന്നും മുഖ്യമന്ത്രി മുഖ്യസൂത്രധാരനാണെന്നും അനില്‍ അക്കര ആരോപിച്ചു.

വിദേശ സഹായം കൈപ്പറ്റിയത് ഫോറിന്‍ കോണ്‍ട്രിബൂഷന്‍ റെഗുലേഷന്‍ ആക്ട് നിയമത്തിന്റെ ലംഘനമാണെന്ന് അനില്‍ അക്കര കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിന്റെ തെളിവുകളാണ് തൃശൂര്‍ ഡിസിസിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പുറത്തുവിട്ടത്. കേന്ദ്ര ഏജന്‍സികള്‍ക്ക് രേഖകള്‍ കൈമാറില്ലെന്നും അവരെ വിശ്വാസമില്ലെന്നും അനില്‍ അക്കരെ പറഞ്ഞു. സുപ്രിംകോടതിയില്‍ ഉപഹരജി നല്‍കി രേഖകള്‍ കോടതില്‍ സമര്‍പ്പിക്കും. കെ സുരേന്ദ്രന്റെ കോഴക്കേസിലാണ് സിപിഎമ്മും ബിജെപിയും ഒത്തുകളി നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News