കൊച്ചി: ലൈഫ് മിഷന്‍ കള്ളപ്പണ ഇടപാടില്‍ മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യുന്നു. ഇന്നലെ 10 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. രവീന്ദ്രനെതിരായ സ്വപ്‌നയുടെ മൊഴി, ശിവശങ്കറും സ്വപ്‌നയും തമ്മിലുള്ള വാട്‌സ് ആപ്പ് സന്ദേശത്തിലെ രവീന്ദ്രന്റെ പേര് പരാമര്‍ശം തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരുത്തുകയാണ് ഇഡിയുടെ ലക്ഷ്യം.
കഴിഞ്ഞമാസം 27ന് കൊച്ചി ഓഫിസില്‍ ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാവാന്‍ ഇഡി നോട്ടിസ് നല്‍കിയിരുന്നതാണ്. എന്നാല്‍, നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ ഔദ്യോഗിക തിരക്കുകളുണ്ടെന്നും അതിനാല്‍ സമയം നീട്ടി നല്‍കണമെന്നുമായിരുന്നു രവീന്ദ്രന്റെ ആവശ്യം. ഇതിന് പിന്നാലെയാണ് രണ്ടാമത്തെ നോട്ടിസും ഇഡി നല്‍കിയത്.