കൊല്‍ക്കത്ത ബലാല്‍സംഗക്കൊല: ആശുപത്രി മുന്‍ മേധാവിക്കെതിരേ അഴിമതിക്കേസ്

Update: 2024-08-20 06:19 GMT

കൊല്‍ക്കത്ത: പിജി ട്രെയിനി ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രി മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെതിരേ പോലിസ് അഴിമതിക്കേസ് രജിസ്റ്റര്‍ ചെയ്തു. 2021 മുതല്‍ ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെയും ആശുപത്രിയിലെയും അഴിമതി ആരോപണങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) രൂപീകരിച്ചിരുന്നു. ഇന്‍സ്‌പെക്ടര്‍ ജനറല്‍ പ്രണബ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തില്‍ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ സയ്യിദ് വഖര്‍ റാസ, സിഐഡി ഡിഐജി സോമ മിത്ര ദാസ്, കൊല്‍ക്കത്ത പോലിസിലെ ഡെപ്യൂട്ടി കമ്മീഷണര്‍ ഇന്ദിരാ മുഖര്‍ജി തുടങ്ങിയവരാണ് അംഗങ്ങള്‍. ആഗസ്ത് ഒമ്പതിന് ആശുപത്രി വളപ്പില്‍ ജൂനിയര്‍ ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് വന്‍ വിവാദമായ ഘോഷിന്റെ ഭരണകാലത്തെ സാമ്പത്തിക ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ ഈ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സംഭവം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ സ്ഥാനം രാജിവച്ച ഘോഷ് കഴിഞ്ഞ നാല് ദിവസമായി സിബിഐയുടെ നിരീക്ഷണത്തിലാണ്.

    ഇരയുടെ മാതാപിതാക്കളെ അറിയിക്കുന്നതിലെ കാലതാമസത്തെക്കുറിച്ചും കുറ്റകൃത്യം നടന്ന സ്ഥലത്തിന് സമീപമുള്ള നവീകരണവുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ തീരുമാനങ്ങളെക്കുറിച്ചും സംശയം ഉയര്‍ന്നിട്ടുണ്ട്. കേസന്വേഷിക്കുന്ന സിബിഐ സംഘം ഇതിനകം തന്നെ പ്രതിയായ സഞ്ജയ് റോയിയെ അറസ്റ്റ് ചെയ്തിട്ടുള്ളത്. മറ്റുള്ളവര്‍ക്ക് കുറ്റകൃത്യത്തില്‍ പങ്കുണ്ടോയെന്നാണ് സിബി ഐ അന്വേഷിക്കുന്നത്. അതേസമയം, സന്ദീപ് ഘോഷ് രാജിവച്ചങ്കിലും അദ്ദേഹത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ തുടരുകയാണ്. ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നതുവരെ ഘോഷിനെ മറ്റൊരു മെഡിക്കല്‍ കോളജിലും നിയമിക്കരുതെന്ന് കല്‍ക്കട്ട ഹൈക്കോടതി സംസ്ഥാന ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കല്‍ക്കട്ട നാഷനല്‍ മെഡിക്കല്‍ കോളജ് ആന്റ് ഹോസ്പിറ്റലിലെ പ്രിന്‍സിപ്പലായി നിയമിക്കാനുള്ള തീരുമാനത്തിനെതിരേ വിദ്യാര്‍ഥികളും ജൂനിയര്‍ ഡോക്ടര്‍മാരും പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് ഉത്തരവ്.

Tags:    

Similar News