പാളം മുറിച്ചുകടക്കുന്നതിനിടെ റെയില്‍വേ റിപ്പയര്‍ വാനിടിച്ച് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം
കൊച്ചി: അങ്കമാലി റെയില്‍വേ സ്‌റ്റേഷനില്‍ പാളം മുറിച്ചുകടക്കുന്നതിനിടെ റെയില്‍വേ റിപ്പയര്‍ വാനിടിച്ച് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. അങ്കമാലി പീച്ചാനിക്കാട് പുളിയനം തേലപ്പിളളി വീട്ടില്‍ സാജന്റെ മകള്‍ അനു സാജനാണ് (21) മരിച്ചത്. റെയില്‍വേ പാളം മുറിച്ചുകടക്കുന്നതിനിടെ ആലുവ ഭാഗത്തുനിന്നു ട്രെയിന്‍ വരുന്നത് കണ്ട് അടുത്ത ട്രാക്കിലേയ്ക്ക് നീങ്ങിനില്‍ക്കുമ്പോഴാണ് അപകടമുണ്ടായത്.
ചാലക്കുടി ഭാഗത്തുനിന്ന് ആലുവയിലേയ്ക്ക് പോയ റെയില്‍വേ റിപ്പയര്‍ വാന്‍ വിദ്യാര്‍ഥിനിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അങ്കമാലി മോണിങ് സ്റ്റാര്‍ കോളജിലെ ബിഎസ്‌സി സുവോളജി അവസാന വര്‍ഷ വിദ്യാര്‍ഥിനിയാണ് മരിച്ചത്. മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ ബസ്സിറങ്ങി റെയില്‍വേ ട്രാക്ക് കുറുകെ കടന്ന് സമീപത്തെ കോളജിലേക്ക് പോവുമ്പോഴാണ് അപകടം. കുറച്ചുനാള്‍ മുമ്പും ഇവിടെ ട്രെയിനിടിച്ച് വിദ്യാര്‍ഥിനി മരിച്ചിരുന്നു.