മഹാരാഷ്ട്ര തീരങ്ങളില്‍ 'നിസര്‍ഗ' ആഞ്ഞടിക്കുന്നു; സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു
മുംബൈ: അറബിക്കടലില്‍ രൂപം കൊണ്ട തീവ്രന്യൂനമര്‍ദം 'നിസര്‍ഗ' മഹാരാഷ്ട്ര തീരങ്ങളില്‍ ആഞ്ഞടിക്കുന്നു. കാറ്റിന്റെ വേഗത ഇപ്പോള്‍ മണിക്കൂറില്‍ 93 കിലോ മീറ്ററാണെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെ മുംബൈയില്‍ നിന്ന് 110 കിലോമീറ്റര്‍ അകലെ അലിബാഗിലാണ് നിസര്‍ഗ തീരം തൊട്ടത്. മുംബൈ, താനെ ജില്ലകളില്‍ മൂന്നു മണിക്കൂറു നേരം ചുഴലിക്കാറ്റ് നീണ്ടു നില്‍ക്കുമെന്നാണ് വിലയിരുത്തല്‍.
നിസര്‍ഗ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയ്ക്കു പുറമേ ഗുജറാത്ത്, ദാമന്‍, ദിയു, ദാദ്ര നഗര്‍ഹവേലി തുടങ്ങിയ പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
കൊവിഡ് ബാധ ഏറ്റവും ശക്തമായ മഹാരാഷ്ട്രയില്‍ പുതിയ ദുരിതങ്ങള്‍ വഹിച്ചുകൊണ്ടാണ് നിസര്‍ഗയുടെ വരവ്. നിലവില്‍ 41,000 ആക്റ്റീവ് കൊവിഡ് കേസുകളാണ് മഹാരാഷ്ട്രയില്‍ ഉള്ളത്. ബീച്ചുകളിലും പാര്‍ക്കുകളിലും മുംബൈയിലെ തീരപ്രദേശങ്ങളിലും പ്രവേശനം വിലക്കിയിട്ടുണ്ട്. രാത്രി 7 മണിവരെ മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് വിമാനത്താവളത്തില്‍ വിമാനങ്ങള്‍ ഇറങ്ങാന്‍ അനുവദിക്കില്ല.
നിസര്‍ഗ ആഞ്ഞടിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് കനത്ത മഴ അനുഭവപ്പെടുന്നുണ്ട്. മരങ്ങള്‍ ആടിയുലയുന്നതിന്റെയും കടപുഴകിയതിന്റെയും ചിത്രങ്ങള്‍ ദേശീയ ദുരന്തനിരവാരണ സേന ചീഫ് എസ് എന്‍ പ്രധാന്‍ ട്വീറ്റ് ചെയ്തു. ചിലയിടങ്ങളില്‍ ഉരുള്‍പൊട്ടലും ഉണ്ടായിട്ടുണ്ട്.
അലിബാഗില്‍ മണിക്കൂറില്‍ 93 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റടിച്ചത്. അത് 100 ഉം 120ഉം ആവാനുള്ള സാധ്യതയുമുണ്ട്.
നിലവില്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ 43 ടീമുകളെ ദുരന്തബാധിത പ്രദേശങ്ങളില്‍ നിയോഗിച്ചിട്ടുണ്ട്. ഒരു ടീമില്‍ 45 പേരാണ് ഉള്ളത്.
കാറ്റിനെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ മാത്രം 19,000 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. രണ്ട് ദിവസത്തേക്ക് വീട്ടിനു പുറത്തിറങ്ങരുതെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ സംസ്ഥാനത്തെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഇതുവരെയുണ്ടായതില്‍ വച്ച് ഏറ്റവും കടുത്ത ചുഴലിക്കാറ്റാണ് ഇപ്പോള്‍ വീശിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുംബൈ കോര്‍പ്പറേഷന്‍ ചെയ്യാവുന്നതും അരുതാത്തതുമായ കാര്യങ്ങളുടെ പട്ടിക പുറത്തുവിട്ടിട്ടുണ്ട്. മൊബൈല്‍ ഫോണുകള്‍ ചാര്‍ജ് ചെയ്ത് സൂക്ഷിക്കാനും ഗ്യാസ് ലീക്ക് ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്താനും വീട്ടില്‍ തന്നെ കഴിയാനുമാണ് നിര്‍ദേശം.
ജാഗ്രത വേണമെന്നും എന്നാല്‍ വ്യാജവാര്‍ത്തകള്‍ക്ക്് ചെവി കൊടുക്കാതിരിക്കാനും ബ്രിഹാന്‍മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.