നിസര്‍ഗ ചുഴലിക്കാറ്റ്: മുംബൈയില്‍ 150 കോവിഡ് രോഗികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നു
150 കൊവിഡ് രോഗബാധിതരെയാണ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്നത്. മുംബൈ മെട്രോപൊളിറ്റന്‍ റീജിയണല്‍ ഡെവലപ്പ്മെന്റ് അതോറിറ്റിയുടെ നേതൃത്വത്തിലുള്ള ബാന്ദ്ര കുര്‍ള കോംപ്ലക്സിലെ കൊവിഡ് ക്വാറന്റീന്‍ സെന്ററില്‍ നിന്നാണ് രോഗബാധിതരെ മാറ്റുന്നത്.
മുംബൈ: അറബിക്കടലില്‍ രൂപം കൊണ്ട നിസര്‍ഗ ചുഴലിക്കാറ്റ് മഹാരാഷ്ട്ര തീരം തൊടുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് കൊവിഡ് രോഗികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചു. 150 കൊവിഡ് രോഗബാധിതരെയാണ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്നത്. മുംബൈ മെട്രോപൊളിറ്റന്‍ റീജിയണല്‍ ഡെവലപ്പ്മെന്റ് അതോറിറ്റിയുടെ നേതൃത്വത്തിലുള്ള ബാന്ദ്ര കുര്‍ള കോംപ്ലക്സിലെ കൊവിഡ് ക്വാറന്റീന്‍ സെന്ററില്‍ നിന്നാണ് രോഗബാധിതരെ മാറ്റുന്നത്.ഇവര്‍ക്കായി വര്‍ളിയില്‍ പ്രത്യേക കൊവിഡ് ക്വാറന്റീന്‍ സംവിധാനമാണ് ഒരുക്കുന്നത്. ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് രോഗബാധിതരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്നതെന്ന് എംഎംആര്‍ഡിഎ കമ്മീഷണര്‍ രാജീവ് വ്യക്തമാക്കി.
ഗോവയ്ക്കും മുംബൈക്കും ഇടയില്‍ കടലിലാണ് ന്യൂനമര്‍ദം ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത്. നാളെ ഉച്ചയ്ക്ക് ശേഷം മഹാരാഷ്ട്രയിലെ ഹരിഹരേശ്വറിനും കേന്ദ്ര ഭരണപ്രദേശമായ ദാമനും ഇടയില്‍ മണിക്കൂറില്‍ പരമാവധി 120 കിലോമീറ്റര്‍ വേഗതയില്‍ കരയില്‍ പ്രവേശിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയുടെ വടക്കും ഗുജറാത്തിന്റെ തെക്കും തീരങ്ങളില്‍ അതീവ ജാഗ്രത നിര്‍ദേശം പുറപെടുവിച്ചു. ബംഗ്ലാദേശ് പേര് നല്‍കിയ 'നിസര്‍ഗ' ചുഴലിക്കാറ്റ് ഈ വര്‍ഷത്തെ രണ്ടാമത്തെയും അറബിക്കടലിലെ ആദ്യത്തെയും ചുഴലിക്കാറ്റാണ്.