എഡിജിപി-ആര്‍എസ്എസ് രഹസ്യചര്‍ച്ചയില്‍ കൃത്യമായ അന്വേഷണം വേണമെന്ന് ഡി രാജ

Update: 2024-09-09 08:58 GMT

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത്കുമാര്‍ ആര്‍എസ്എസ് നേതാവുമായി നടത്തിയ രഹസ്യ ചര്‍ച്ചയില്‍ കേരള നേതൃത്വത്തോട് റിപോര്‍ട്ട് തേടി സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. ഉന്നത തലത്തിലുള്ള ഒരു പോലിസ് ഉദ്യോഗസ്ഥന്‍ എന്തിനാണ് ആര്‍എസ്എസ് നേതാവുമായി ചര്‍ച്ച നടത്തുന്നതെന്നും അതിന്റെ പശ്ചാത്തലം എന്തായിരുന്നെന്നും അദ്ദേഹം ചോദിച്ചു. ഈ ചര്‍ച്ചയെ കുറിച്ച് പല തരത്തിലുള്ള കാര്യങ്ങളാണ് പ്രചരിക്കുന്നത്. അതിലൊക്കെ കൃത്യമായ വ്യക്തത വരുത്തേണ്ടത് ആവശ്യമാണെന്നും ഡി രാജ പറഞ്ഞു.

ഇത്തരം വിഷയങ്ങളെ സിപിഐ ഗൗരവത്തോടെയാണ് കാണുന്നതെന്നും രാജ വ്യക്തമാക്കി.ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബലെയെ എഡിജിപി അജിത്കുമാര്‍ കണ്ടതില്‍ സിപിഐക്ക് അതൃപ്തിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതൊക്കെ ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വിഷയത്തില്‍ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും നേരത്തെ രംഗത്തെത്തിയിരുന്നു.




Tags:    

Similar News