ഉത്തര്‍പ്രദേശില്‍ ആയിരത്തോളം ദലിതര്‍ വോട്ട് ബഹിഷ്‌കരിച്ചു
ദലിതരായ മൂന്നു യുവാക്കള്‍ക്കു നേരെ വെടിവെയ്പ്പ് നടക്കുകയും ഒരാള്‍ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തില്‍ പോലിസ് നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് ഒരു ഗ്രാമം മുഴുവന്‍ വോട്ട് ബഹിഷ്‌ക്കരിച്ചത്.
മൊറാദാബാദ്: മൂന്നാംഘട്ട ലോകസഭാ തിരഞ്ഞടുപ്പില്‍ മൊറാദാബാദ് മണ്ഡലത്തില്‍ ആയിരത്തോളം ദലിതര്‍ വോട്ട് ബഹിഷ്‌കരിച്ചു. ഉത്തര്‍പ്രദേശിലെ ദളിത് സമുദായമാണ് വോട്ട് ബഹിഷ്‌ക്കരിച്ചത്. ദലിതരായ മൂന്നു യുവാക്കള്‍ക്കു നേരെ വെടിവെയ്പ്പ് നടക്കുകയും ഒരാള്‍ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തില്‍ പോലിസ് നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് ഒരു ഗ്രാമം മുഴുവന്‍ വോട്ട് ബഹിഷ്‌ക്കരിച്ചത്.
ഒടുവില്‍ പോലിസ് എത്തി ഒത്തുതീര്‍പ്പിലാക്കിയ ശേഷമാണ് ഗ്രാമവാസികള്‍ വോട്ട് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ബിജ്‌നോര്‍ ജില്ലയിലെ ബദാപുര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ ദലിതരായ മൂന്നു യുവാക്കളെ വെട്ടി കൊലപ്പെടുത്തിരുന്നു. ഇതില്‍ ഒരു യുവാവ് മരിക്കുകയും രണ്ടു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ കുറ്റക്കാരുടെ വിവരം പോലിസിനു കൈമാറിയെങ്കിലും നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് മുകുന്ദ്പുര്‍ ഗ്രാമവാസികള്‍ ഒന്നടങ്കം വോട്ട് ബഹിഷ്‌കരിച്ചത്.
ഒടുവില്‍ കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കാമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ പോളിങ് ബൂത്തില്‍ എത്തുകയായിരുന്നു. ഇവിടെ 52 ശതമാനം പോളിങ് രേഖപ്പെടുത്തിയെന്നു ബിജ്‌നോര്‍ ജില്ലാ മജിസ്‌ട്രേറ്റ് സജീത് കുമാര്‍ പറഞ്ഞു.