ദലിത് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: ഓണ്‍ലൈന്‍ പഠനം സാധ്യമാവാത്തതുമൂലമെന്ന് ബന്ധുക്കള്‍

Update: 2020-06-17 08:11 GMT

തിരൂരങ്ങാടി: ദലിത് വിദ്യാര്‍ഥിനി തൂങ്ങി മരിച്ചത് ഓണ്‍ലൈന്‍ പഠനത്തിന് സാധ്യതയില്ലാത്തതു കൊണ്ടാണെന്ന് ബന്ധുക്കള്‍. ഇന്നലെ വൈകുന്നേരമാണ് തൃക്കുളം പന്താരങ്ങാടി ലക്ഷംവീട് കോളനിയിലെ കോട്ടുവലക്കാട്ട് ദാസന്റെ മകള്‍ അഞ്ജലി(15) യെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

10ാം ക്ലാസിലേക്കുള്ള ഓണ്‍ലൈന്‍ ക്ലാസ് ടി.വിയില്‍ കണ്ടുകൊണ്ടിരിക്കെ കറണ്ട് പോയതിനെ തുടര്‍ന്ന് കുട്ടി സഹോദരിയോട് മൊബൈല്‍ ആവശ്യപ്പെട്ടു. തനിക്കും പഠിക്കാനുണ്ടെന്ന് പറഞ്ഞ് സഹോദരി മൊബൈല്‍ നല്‍കിയില്ല. ഡല്‍ഹിയില്‍ പഠിക്കുന്ന സഹോദരി അപര്‍ണ കൊവിഡ് നിരീക്ഷണതിന് ശേഷം കഴിഞ്ഞ ദിവസമാണ് വീട്ടിലെത്തിയത്. സ്വന്തമായി ഒരു മൊബൈല്‍ വേണമെന്ന് അഞ്ജലി നേരത്തെ അച്ഛനോട് ചോദിച്ചിരുന്നു. കൊറോണ കാരണം ജോലിയില്ലാത്തതിനാല്‍ തനിക്കതിന് കഴിയില്ലെന്ന് അച്ഛന്‍ പറഞ്ഞു. ആ സങ്കടത്തിലാണ് മകള്‍ ആത്മഹത്യ ചെയ്തതെന്ന് അച്ഛന്‍ ദാസന്‍ പറയുന്നു. എല്ലാ ദിവസം ഫോണിന്റെ കാര്യവും പറഞ്ഞ് മകള്‍ പിണങ്ങാറുണ്ടത്രെ. എങ്കിലും മകള്‍ ആത്മഹത്യ ചെയ്യുമെന്ന് കരുതിയില്ലെന്നാണ് ദാസന്‍ പറയുന്നത്.

കൊറോണ കാലത്ത് ഓണ്‍ലൈന്‍ വിദ്യാഭ്യാസം നിര്‍ധന കുടുംബങ്ങള്‍ക്ക് താങ്ങാനാവാത്തതാണെന്നതിന് ഉദാഹരണമാണ് കൂലിപ്പണിക്കാരനും ദലിതനുമായ ദാസന്റെ മകളുടെ ആത്മഹത്യയെന്നാണ് നാട്ടുകാരും ബന്ധുക്കളും ഒരുപോലെ പറയുന്നത്. ഇന്നലെ വൈകിട്ടാണ് അഞ്ജന ആത്മഹത്യ ചെയ്തത്. തിരൂരങ്ങാടി പോലിസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇന്ന് കുടുംബ ശ്മശാനത്തില്‍ സംസ്‌കരിക്കും.

തിരൂരങ്ങാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയാണ് അഞ്ജലി.

അമ്മ: അമ്മിണി. സഹോദരങ്ങള്‍: അമൃത, അപര്‍ണ, അനന്‍ കൃഷ്ണ.



Tags:    

Similar News