ദമ്മാം: ഒ ഐ സി സി സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റും കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന പി എം നജീബിന്റെ നിര്യാണത്തില്‍ ദമ്മാം മീഡിയ ഫോറം അനുശോചിച്ചു. കോണ്‍ഗ്രസ്സ് അനുകൂല പ്രവാസി സംഘടനയുടെ മുന്‍നിര നേതാവായിരുന്നു. വ്യാപകമായ വ്യക്തിബന്ധങ്ങളും സൂക്ഷിച്ചിരുന്നു. കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹിക രാഷ്ട്രീയ ഇടപെടലുകളില്‍ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം പ്രവാസികളെ ബാധിക്കുന്ന പല വിഷയങ്ങളിലും സജീവമായി ഇടപെട്ടു. പ്രവാസി സമൂഹത്തില്‍ വലിയ ആശങ്കകളുമായി കടന്ന് വന്ന നിതാഖാത്ത് വിഷയത്തിലും ആഗോള മഹാമാരിയായ കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും പ്രവാസി സമൂഹത്തിന് ആശ്വാസവും പ്രതീക്ഷയും നല്‍കുന്നതില്‍ നേതൃപരമായ പങ്ക് വഹിച്ചിരുന്നു.
നജീബിന്റെ വിയോഗം പ്രവാസ ലോകത്ത് വലിയ നഷ്ടമാണ് വരുത്തിയിരിക്കുന്നതെന്ന് യോഗം വിലയിരുത്തി. മാധ്യമ പ്രവര്‍ത്തരുമായി ഊഷ്മള ബന്ധമാണ് അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നത്. മീഡിയ ഫോറം അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തോടനുബന്ധിച്ച് നടന്ന അനുശോചന യോഗത്തില്‍ മാധ്യമ പ്രവര്‍ത്തകരോരുത്തരും പി എം നജീബുമായുള്ള അവരുടെ അനുഭവം പങ്കുവച്ചു.
പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ, രക്ഷാധികാരി ഹബീബ് എലംകുളം, വൈസ് പ്രസിഡന്റ് ലുഖ്മാന്‍ വിളത്തൂര്‍, അഷ്റഫ് ആളത്ത്, നൗഷാദ് ഇരിക്കൂര്‍, പ്രവീണ്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ജനറല്‍ സെക്രട്ടറി സിറാജുദീന്‍ വെഞ്ഞാറമൂട്, ട്രഷറര്‍ മുജീബ് കളത്തില്‍, റഫീഖ് ചെമ്പോത്തറ നേത്രുത്വം നല്‍കി.