മതേതരത്വം സംരക്ഷിക്കാന്‍ വോട്ട് ചെയ്യണമെന്ന് മുസ്‌ലിം നേതാവ്; വോട്ട് ജിഹാദിനെതിരേ ഹിന്ദുക്കള്‍ മതയുദ്ധം നടത്തണമെന്ന് ബിജെപി

ഇസ്‌ലാമിക പണ്ഡിതനായ മൗലാനാ മന്‍സൂര്‍ നുഅ്മാനിയുടെ മകനായ ശെയ്ഖ് ഖലീലുര്‍റഹ്മാന്‍ സജ്ജാദ് നുഅ്മാനിയുടെ പ്രസ്താവനക്കെതിരെയാണ് ബിജെപി നേതാക്കള്‍ രംഗത്ത് വന്നിരിക്കുന്നത്.

Update: 2024-11-17 10:59 GMT

മുംബൈ: മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ മതേതരത്വം സംരക്ഷിക്കാന്‍ വോട്ട് ചെയ്യണമെന്ന മുസ്‌ലിം നേതാവിന്റെ പ്രസ്താവനക്കെതിരെ വര്‍ഗീയ പ്രചാരണവുമായി ബിജെപി. വോട്ട് ജിഹാദിനെ മതയുദ്ധത്തിലൂടെ ഹിന്ദുക്കള്‍ പരാജയപ്പെടുത്തണമെന്ന് ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. ബിജെപി നേതൃത്വം മുഴുവന്‍ ഇപ്പോള്‍ വോട്ട് ജിഹാദ് പ്രചാരണത്തില്‍ മുഴുകിയിരിക്കുകയാണ്.

ഇസ്‌ലാമിക പണ്ഡിതനായ മൗലാനാ മന്‍സൂര്‍ നുഅ്മാനിയുടെ മകനായ ശെയ്ഖ് ഖലീലുര്‍റഹ്മാന്‍ സജ്ജാദ് നുഅ്മാനിയുടെ പ്രസ്താവനക്കെതിരെയാണ് ബിജെപി നേതാക്കള്‍ രംഗത്ത് വന്നിരിക്കുന്നത്. മതേതരത്വം സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് സഖ്യമായ മഹാവികാസ് അഗാഡിക്ക് വോട്ട് ചെയ്യണമെന്നാണ് നുഅ്മാനി കഴിഞ്ഞ ദിവസം അഭ്യര്‍ത്ഥിച്ചത്. വോട്ട് ചെയ്യേണ്ട 288 സ്ഥാനാര്‍ഥികളുടെ പട്ടികയും നുഅ്മാനി പുറത്തുവിട്ടു. ഇതേതുടര്‍ന്ന് ബിജെപി നേതാവായ കിരിത് സോമയ്യ നുഅ്മാനിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്കി. വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്ന് ആരോപിച്ചാണ് പരാതി നല്‍കിയത്. ഇത് തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടങ്ങളുടെ ലംഘനമാണെന്നും വിദ്വേഷപ്രചാരണമാണെന്നും പരാതിയില്‍ പറയുന്നു.

ലഖ്‌നൗവില്‍ ജനിച്ച ശെയ്ഖ് ഖലീലുര്‍റഹ്മാന്‍ സജ്ജാദ് നുഅ്മാനി ദാറുല്‍ ഉലൂം ദയൂബന്ദിലും സൗദി അറേബ്യയിലെ മദീന സര്‍വകലാശാലയിലും പഠിച്ച വ്യക്തിയാണ്. ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ മുന്‍ മേധാവിയായ പരേതനായ മൗലാനാ വാലി റഹ്മാനിയുടെ അടുത്ത അനുയായിയുമായിരുന്നു. റായ്ഗഡ് ജില്ലയില്‍ നിരവധി മദ്‌റസകളും മുഅ്മാനിയുടെ നേതൃത്വത്തിലുള്ള ട്രസ്റ്റ് നടത്തുന്നുണ്ട്. യൂട്യൂബില്‍ ഇസ്‌ലാമിക നിയമങ്ങളുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകള്‍ മുഅ്മാനി പോസ്റ്റ് ചെയ്തിട്ടുണ്ട്. നാലു ലക്ഷം പേരാണ് ഈ അക്കൗണ്ടില്‍ സബ്‌സ്‌ക്രൈബ് ചെയ്തിരിക്കുന്നത്.

മുസ്‌ലിം സമുദായത്തിന് ഭരണത്തില്‍ ഉചിതമായ പ്രാതിനിത്യം വേണമെന്ന നിലപാട് നിരന്തരമായി നുഅ്മാനി ഉന്നയിക്കാറുണ്ട്. മഹാരാഷ്ട്രയിലെ 25 മണ്ഡലങ്ങളില്‍ ആരു വിജയിക്കണമെന്ന് തീരുമാനിക്കാന്‍ മുസ് ലിംകള്‍ക്ക് കഴിയുമെന്ന് നേരത്തെ നുഅ്മാനി വെളിപ്പെടുത്തിയിരുന്നു. വോട്ടു ചെയ്യേണ്ടവരുടെ പട്ടികയിലെ 269 പേര്‍ മഹാവികാസ് അഗാഡി സഖ്യത്തില്‍ നിന്നുള്ളവരാണ്. സഖ്യത്തിന് പുറത്തുള്ള മറ്റു 17 പേര്‍ക്കും വോട്ട് ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.

ഇതാണ് വോട്ട് ജിഹാദെന്ന് ബിജെപി ആരോപിക്കുന്നത്. താന്‍ പുറത്തുവിട്ട പട്ടികയില്‍ കേവലം 23 മുസ് ലിം സ്ഥാനാര്‍ഥികള്‍ മാത്രമേയുള്ളൂയെന്ന് നുഅ്മാനി തിരിച്ചടിച്ചു. ഹിന്ദുക്കള്‍ക്ക് വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടതാണോ വോട്ട് ജിഹാദെന്നും അദ്ദേഹം ചോദിച്ചു.

നുഅ്മാനിയെ പിന്തുണച്ച് മഹാവികാസ് അഗാഡി നേതാക്കള്‍ രംഗത്തെത്തി. മഹാ വികാസ് അഗാഡി സഖ്യത്തെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മുതിര്‍ന്ന എന്‍സിപി നേതാവ് ശരത് പവാര്‍ പറഞ്ഞു. ഒരു പാര്‍ട്ടിക്കോ മുന്നണിക്കോ വോട്ട് ചെയ്യണമെന്നാണ് നുഅ്മാനി പറഞ്ഞതെന്ന് കോണ്‍ഗ്രസ് നേതാവ് നാനാ പട്ടോല്‍ പറഞ്ഞു. ഹിന്ദുക്കള്‍ക്ക് വോട്ടു ചെയ്യണമെന്ന് പറയുന്ന ബിജെപിയാണ് ഇതിനെതിരെ രംഗത്ത് വന്നിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് പറയുന്ന കര്‍ഷകരെയും ജിഹാദികളായി ചിത്രീകരിക്കുമോയെന്നാണ് കോണ്‍ഗ്രസ് നേതാവായ ബാലാസാഹിബ് തോറാത്ത് ചോദിച്ചത്. ഈ മാസം 20നാണ് മഹാരാഷ്ട്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക.

Tags:    

Similar News