കോട്ടയം മെഡിക്കല്‍ കോളജിലെ ആറ് വിദ്യാര്‍ഥികളെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ക്യാമ്പസില്‍ വിദ്യാര്‍ഥികളെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസമാണ് കോളജിലെ ആറ് വിദ്യാര്‍ഥികളെ തെരുവുനായ കടിച്ചത്. നായയുടെ ജഡം തിരുവല്ലയിലെ ലാബില്‍ എത്തിച്ച് നടത്തിയ വിശദമായ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. കടിയേറ്റ വിദ്യാര്‍ഥികള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച വൈകീട്ടും ബുധനാഴ്ച പുലര്‍ച്ചെയുമായാണ് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് നായയുടെ കടിയേറ്റത്. കടിച്ചനായയെ ബുധനാഴ്ച രാവിലെ ചത്തനിലയില്‍ കണ്ടെത്തിയിരുന്നു. ആര്‍പ്പൂക്കര പഞ്ചായത്ത്, മൃഗസംരക്ഷണവകുപ്പിനെ ഇക്കാര്യം അറിയിച്ചു. തുടര്‍ന്നാണ് നായയുടെ ശരീരം പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയത്. കടിയേറ്റ വിദ്യാര്‍ഥികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ഹോസ്റ്റലിന് സമീപമുള്ള വളവിലും ഹോസ്റ്റലിന്റെ മുന്നിലുമായിരുന്നു ആക്രമണം. തെരുവുനായയെ ബുധനാഴ്ച രാവിലെ ചത്തനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പഞ്ചായത്ത് അധികാരികളുടെ അറിയിപ്പ് അനുസരിച്ച് മൃഗസംരക്ഷകനായ ജയകുമാര്‍ എത്തി പോസ്റ്റ്‌മോര്‍ട്ടത്തിന് കൊണ്ടുപോകുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് ആശുപത്രിയില്‍ അടിയന്തര ചികിത്സയും പ്രതിരോധ കുത്തിവെപ്പും നല്‍കി മടക്കി.