കോട്ടയം: കനത്ത മഴയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെള്ളം കയറി. ഒപി ഒപി രജിസ്‌ട്രേഷന്‍ ബ്ലോക്കിലും സമീപങ്ങളിലും മുട്ടോളം വെള്ളം കയറി. ഇതോടെ രോഗികളും കൂട്ടിരിപ്പുകാരും ദുരിതത്തിലായി. ഓടകള്‍ അടഞ്ഞതാണ് വെള്ളക്കെട്ടിന് കാരണം. ഇന്ന് ഉച്ചയ്ക്കുശേഷം രണ്ടുമണിക്കൂറോളം കോട്ടയത്ത് ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. അതേസമയം, ഒപിക്ക് സമീപമായി ഒരു റോഡ് അടുത്ത കാലത്ത് നിര്‍മിച്ചിരുന്നു. റോഡ് നിര്‍മാണത്തെത്തുടര്‍ന്ന് വെള്ളം ഒഴുകിപ്പോവാനുള്ള ഓടകളെല്ലാം അടഞ്ഞുപോയിരുന്നു.
റോഡിന്റെ അശാസ്ത്രീയ നിര്‍മാണമാണ് വെള്ളക്കെട്ടിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. പ്രശ്‌നം താല്‍ക്കാലികമാണെന്നും ഉടന്‍തന്നെ പരിഹരിക്കുമെന്നും മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ജയകുമാര്‍ വ്യക്തമാക്കി. സംഭവത്തില്‍ പ്രതിഷേധവുമായി രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കള്‍ രംഗത്തെത്തി. മെഡിക്കല്‍ കോളജില്‍ അടിസ്ഥാന വികസനവുമായി ബന്ധപ്പെട്ട് കുറച്ചുകൂടി പുരോഗതി വേണമെന്ന് പലകോണുകളില്‍നിന്നും ആവശ്യമുയര്‍ന്നു. കോട്ടയം മെഡിക്കല്‍ കോളജ് ഒപിയില്‍ വെള്ളക്കെട്ട് രൂപപ്പെടാനിടയായ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് എസ്ഡിപിഐ കോട്ടയം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.