അങ്കണവാടിയില്‍ വിതരണം ചെയ്ത അമൃതം പൊടിയില്‍ ചത്ത പല്ലി

കൊട്ടാരക്കര തൃക്കണ്ണമംഗലം ഇരുപത്തെട്ടാം നമ്പര്‍ അങ്കണവാടിയില്‍ നിന്ന് വിതരണം ചെയ്ത അമൃതം പൊടിയിലാണ് ചത്ത പല്ലിയെ കണ്ടത്

Update: 2022-06-15 10:42 GMT

കൊല്ലം: കൊട്ടാരക്കര തൃക്കണ്ണമംഗലം അങ്കണവാടിയില്‍ വിതരണം ചെയ്ത അമൃതം പൊടിയില്‍ ചത്ത പല്ലി. ഏപ്രിലില്‍ വിതരണം ചെയ്ത പൊടിയിലാണ് ചത്ത പല്ലിയെ കണ്ടെത്തിയത്. സംഭവം പരിശോധിക്കുമെന്ന് ഐ.സി.ഡി.എസ് അധികൃതര്‍ അറിയിച്ചു.

തൃക്കണ്ണമംഗലം ഇരുപത്തെട്ടാം നമ്പര്‍ അങ്കണവാടിയില്‍ നിന്ന് ഏഴ് പായ്ക്കറ്റ് അമൃതം പൊടിയിലാണ് അരുണ്‍ ഭവനില്‍ ശാന്ത കുമാരിയ്ക്ക് നല്‍കിയത്. കുട്ടിയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നതിനാല്‍ അമൃതം പൊടി ഏപ്രില്‍ മാസം നല്‍കിയില്ല. കഴിഞ്ഞ ദിവസം മകള്‍ക്ക് കൊടുക്കുന്നതിനായി ഒരു പാക്കറ്റ് പൊട്ടിച്ചപ്പോഴാണ് ചത്ത പല്ലിയുടെ അവശിഷ്ടങ്ങള്‍ കണ്ടത്. പരിശോധനകള്‍ക്കായി സാബിള്‍ ശേഖരിച്ചതായി ഐ.സി.ഡി.എസ് സൂപ്പര്‍ വൈസര്‍ അറിയിച്ചു.

കരുനാഗപ്പള്ളി തഴവയില്‍ പ്രവര്‍ത്തിക്കുന്ന ഔട്ട്‌ലെറ്റില്‍ നിന്നാണ് അമൃതം പൊടി വിതരണത്തിനായി എത്തിച്ചത്. ഇവിടെ ഉല്‍പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ കൊട്ടാരക്കര നഗരസഭ പരിധിയിലെ അങ്കണവാടികളില്‍ വിതരണം ചെയ്യില്ലെന്ന് അധികൃതര്‍ അറിയിച്ചു. കല്ലുവാതുക്കല്‍ അങ്കണവാടിയിലെ കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റ് ഒരാഴ്ച കഴിയുമ്പോഴാണ് നഗരസഭ പരിധിയിലെ മറ്റൊരു അങ്കണവാടിയില്‍ നിന്നും നല്‍കിയ അമൃതം പൊടിയില്‍ ചത്ത പല്ലിയെ കണ്ടെത്തിയത്. 

Tags:    

Similar News