കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതിനെത്തുടര്‍ന്നുള്ള മരണം; പത്തനംതിട്ട ജില്ലാ ആരോഗ്യവിഭാഗം അന്വേഷണം പ്രഖ്യാപിച്ചു
കോട്ടയം: കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതിനെത്തുടര്‍ന്ന് രണ്ട് സ്ത്രീകള്‍ മരിക്കാനിടയായ സാഹചര്യത്തില്‍ വാക്‌സിനെക്കുറിച്ചുള്ള സംശയങ്ങള്‍ ഉയരുന്നു. പത്തനംതിട്ടയിലും കോട്ടയത്തുമുള്ള രണ്ട് സ്ത്രീകളാണ് വാക്‌സിന്‍ എടുക്കുന്നവര്‍ക്കിടയിലുണ്ടാവുന്ന സങ്കീര്‍ണതകളെത്തുടര്‍ന്ന് ദിവസങ്ങള്‍ക്കുള്ളില്‍ മരിച്ചത്. പത്തനംതിട്ട ജില്ലാ ആരോഗ്യവിഭാഗം മരണത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചു.
റിപോര്‍ട്ട് അനുസരിച്ച് കോട്ടയം കാഞ്ഞിരപ്പള്ളിയിലെ 31വയസ്സുള്ള ഗര്‍ഭിണിയായ മഹിമാ മാതൃുവും പത്തനംതിട്ട നാരങ്ങാനത്തെ 38 വയസ്സുള്ള ദിവ്യ ആര്‍ നായരുമാണ് വാക്‌സിനുമായി ബന്ധപ്പെട്ട രോഗാവസ്ഥയെത്തുടര്‍ന്ന് രണ്ട് സ്വകാര്യ ആശുപത്രികളില്‍ വച്ച് മരിച്ചത്. രണ്ട് പേര്‍ക്കും സമാനമായ രോഗലക്ഷണങ്ങളാണ് ഉണ്ടായത്. രണ്ടു പേരും മരിച്ചതും അടുത്തത്തടുത്ത ദിവസങ്ങളിലാണ്. കൊവിഷീല്‍ഡിന്റെ രണ്ട് ഡോസ് വാക്‌സിനാണ് ഇരുവരും സ്വീകരിച്ചത്.
മഹിമാ മാത്യുവിനെ പാലയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. മരിക്കുമ്പോള്‍ വാക്‌സിന്‍ എടുത്തവരില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള സെറിബ്രല്‍ ത്രോംബോസൈറ്റൊപീനിയയാണ് ബാധിച്ചത്. രക്താണുക്കളുടെ എണ്ണം ക്രമാതീതമായി കുറയുന്ന അവസ്ഥയാണ് ഇത്.
ആഗസ്ത് ആറിനാണ് മഹിമ കൊവിഷീല്‍ഡ് സ്വീകരിച്ചത്. തുടര്‍ന്ന് കടുത്ത തലവേദന അനുഭവപ്പെട്ടു. ആഗസ്ത് 15ന് പാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആഗസ്ത് 20ന് മരിച്ചു.
ദിവ്യ ആഗസ്ത് രണ്ടിനാണ് കൊവിഷീല്‍ഡ് സ്വീകരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മരിച്ചു. കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചശേഷം തന്റെ ഭാര്യയുടെ ആരോഗ്യസ്ഥിതി മോശമായെന്ന് കാണിച്ച് ഭര്‍ത്താവ് ജിനു ആറന്മുള പോലിസിനെയും ജില്ലാ കലക്ടറെയും സമീപിച്ചു. ആഗസ്ത് 14ന് തലച്ചോറില്‍ രക്തവാര്‍ച്ച കണ്ടെത്തി. ആഗസ്ത് 19ന് മരിച്ചു. പത്തനംതിട്ട മെഡിക്കല്‍ ഓഫിസര്‍ എ എല്‍ ഷീജയുടെ നേതൃത്വത്തിലാണ് അന്വേഷണം.