ചെത്തുതൊഴിലാളിയുടെ മരണം; കണ്ണൂര്‍ ആറളം ഫാമില്‍ വന്യജീവി ആക്രമണം തടയാന്‍ പദ്ധതി
കണ്ണൂര്‍; ആറളം ഫാമില്‍ കാട്ടാന ആക്രമണത്തില്‍ ചെത്തുതൊഴിലാളി മരിക്കാനിടയായ സാഹചര്യത്തില്‍ മേഖലയിലെ മനുഷ്യവന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതും ആദിവാസി വിഭാഗങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതും സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി വനം വന്യജീവി വകുപ്പുമന്ത്രിയുടെയും പട്ടികജാതിപട്ടിക വര്‍ഗ ക്ഷേമ വകുപ്പുമന്ത്രിയുടെയും സാന്നിധ്യത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. മന്ത്രിമാരുടെ നേതൃത്വത്തില്‍ ഫെബ്രുവരി 7ന് രാവിലെ 10 ന് ആറളം ഫാം ഓഫീസില്‍ വീണ്ടും ഉന്നതതല യോഗം ചേരും. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിനൊപ്പം പ്രായോഗിക തലത്തില്‍ കൂടുതലായി പരിഗണിക്കേണ്ട കാര്യങ്ങള്‍ കൂടി മന്ത്രിമാരുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിക്കുന്ന ഉന്നതതലസംഘം ചര്‍ച്ച ചെയ്ത് പദ്ധതിക്കു രൂപം നല്‍കും.
യോഗത്തില്‍ വനംവന്യജീവി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ്‌കുമാര്‍ സിന്‍ഹ, പിന്നോക്ക വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രണബ് ജ്യോതിനാഥ്, പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ ടി.വി.അനുപമ, മുഖ്യവനംമേധാവി പി.കെ.കേശവന്‍, പി.സി.സി.എഫ് ആന്‍ഡ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസ്, പി.സി.സി.എഫ് നോയല്‍ തോമസ്, എ.പി.സി.സി.എഫുമാരായ പി.പുകഴേന്തി, രാജേഷ് രവീന്ദ്രന്‍, നോര്‍ത്തേണ്‍ റീജ്യണ്‍ സി.സി.എഫ് കെ.വി. ഉത്തമന്‍, നോര്‍ത്ത് സര്‍ക്കിള്‍ സി.സി.എഫ് വിനോദ് കുമാര്‍, പി.ഡബ്ല്യു.ഡി ചീഫ് എഞ്ചിനീയര്‍ ബീന എല്‍, ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.