ഇന്ത്യന്‍-ഫിജിയന്‍ വനിതയുടെ മരണം: വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 500,000 ഡോളര്‍ പാരിതോഷികം
39കാരിയായ മോണിക്ക ചെട്ടിയെ 2014 ജനുവരിയില്‍ സിഡ്‌നിയില്‍ നിന്ന് 40 കിലോമീറ്റര്‍ പടിഞ്ഞാറ് വെസ്റ്റ് ഹോക്സ്റ്റണിലെ ബുഷ് ലാന്‍ഡില്‍ പൊള്ളലേറ്റ അവസ്ഥയില്‍ കാണപ്പെടുകയായിരുന്നു. ഒരു മാസത്തിനുശേഷം അവര്‍ ആശുപത്രിയില്‍ മരിച്ചു.
മെല്‍ബണ്‍: 2014ല്‍ കൊല്ലപ്പെട്ട ഇന്ത്യന്‍-ഫിജിയന്‍ വനിത മോണിക്ക ചെട്ടിയുടെ കേസിന്റെ കുരുക്ക് അഴിക്കുന്നവര്‍ക്ക് ആസ്ട്രേലിയന്‍ പോലീസ് 500,000 ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചു. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് 6 വര്‍ഷമായിട്ടും ഒരു വിവരവും ലഭിക്കാത്തതിനെ തുടര്‍ന്നാണ് പോലീസ് പാരിതോഷികം പ്രഖ്യാപിച്ചത്.
39കാരിയായ മോണിക്ക ചെട്ടിയെ 2014 ജനുവരിയില്‍ സിഡ്‌നിയില്‍ നിന്ന് 40 കിലോമീറ്റര്‍ പടിഞ്ഞാറ് വെസ്റ്റ് ഹോക്സ്റ്റണിലെ ബുഷ് ലാന്‍ഡില്‍ പൊള്ളലേറ്റ അവസ്ഥയില്‍ കാണപ്പെടുകയായിരുന്നു. ഒരു മാസത്തിനുശേഷം അവര്‍ ആശുപത്രിയില്‍ മരിച്ചു. ഒരു സ്ത്രീക്ക് സഹായം ആവശ്യമുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ലിവര്‍പൂള്‍ സിറ്റി പോലീസ് ഏരിയ കമാന്‍ഡിലെ ഉദ്യോഗസ്ഥരെ വെസ്റ്റ് ഹോക്സ്റ്റണിലെ ഫെറാരോ ക്രസന്റിലേക്ക് വിളിപ്പിച്ചതായി പോലീസ് സ്ഥിരീകരിച്ചിരുന്നു. അന്വേഷണം തുടരുകയാണെന്നും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ന്യൂ സൗത്ത് വെയില്‍സ് (എന്‍എസ്ഡബ്ല്യു) പോലീസ് വക്താവ് പറഞ്ഞു.
വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പ്രഖ്യാപിച്ച 500,000 ഓസ്ട്രേലിയന്‍ ഡോളര്‍ പാരിതോഷികം കേസിന്റെ കുരുക്കഴിക്കാന്‍ ഉപകാരപ്പെടുമെന്ന് സംസ്ഥാന പോലീസ്, അടിയന്തര സേവന മന്ത്രി ഡേവിഡ് എലിയട്ട് പറഞ്ഞു. വിവരങ്ങള്‍ അറിഞ്ഞിട്ടും മൂടിവെക്കുന്നവരെ രംഗത്തിറക്കാന്‍ വന്‍തുക പാരിതോഷികം പ്രഖ്യാപിച്ചതിലൂടെ സാധിക്കുമെന്ന് ലിവര്‍പൂള്‍ സിറ്റി പോലീസ് ഏരിയ കമാന്‍ഡര്‍ ആദം വൈറ്റ് പറഞ്ഞു.