ലോക്ഡൗണ്‍; നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ ആസ്‌ട്രേലിയ സൈന്യത്തെ നിയോഗിക്കുന്നു
സിഡ്‌നി: കൊവിഡ് ഡെല്‍റ്റ വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിന് സൈന്യത്തെ നിയോഗിക്കാന്‍ ആസ്‌ട്രേലിയ തീരുമാനിച്ചു. ന്യൂ സൗത്ത് വെയില്‍സ് ഭരണകൂടമാണ് ഇത് തീരുമാനിച്ചത്. ഡെല്‍റ്റ വൈറസ് വകഭേതം പ്രാദേശിക പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നത് കണ്ടെത്തിയതോടെയാണ് തീരുമാനം.
പുതിയ കൊവിഡ് വകഭേദത്തില്‍ ഇതുവരെ 36 മരണങ്ങളാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടത്. 374 പേര്‍ ചികിത്സയിലുണ്ട്. 62 പേര്‍ തീവ്രപരിചരണ വിഭാഗത്തിലും 29 പേര്‍ വെന്റിലേറ്ററിലുമാണുള്ളത്. സിഡ്‌നിയില്‍ ഏഴ് ആഴ്ച ലോക്ക്ഡൗണ്‍ ഉണ്ടായിരുന്നിട്ടും, പ്രതിദിന അണുബാധകള്‍ വര്‍ധിക്കുകയാണ്. 345 പുതിയ കേസുകള്‍ റിപോര്‍ട്ട് ചെയ്തു.
സിഡ്‌നിയിലെ മൂന്ന് ലോക്കല്‍ കൗണ്‍സില്‍ പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍ നിയമങ്ങള്‍ കര്‍ശനമാക്കി. ആളുകളുടെ സഞ്ചാരം അവരുടെ വീടുകളില്‍ നിന്ന് 5 കിലോമീറ്റര്‍ (3 മൈല്‍) ആക്കി പരിമിതപ്പെടുത്തി. മെല്‍ബണിലും ലോക്ഡൗണ്‍ കര്‍ശനമായി തുടരുകയാണ്. ആസ്‌ട്രേലിയയില്‍ ഇതുവരെ 37,700 കൊവിഡ് ബാധകളാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടത്. 946 പേര്‍ മരിച്ചു.