സൈറസ് മിസ്ത്രിയുടെ മരണം; അന്വേഷണവുമായി സഹകരിക്കുമെന്ന് മെര്‍സിഡസ് ബെന്‍സ് കമ്പനി
ന്യൂഡല്‍ഹി: ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രിയുടെ മരണത്തിനുകാരണമായ കാര്‍അപകടത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ സഹകരിക്കുമെന്ന് ആഢംബര കാര്‍ കമ്പനി നിര്‍മാതാക്കളായ മെര്‍സിഡസ് ബെന്‍സ് ഇന്ത്യ.
ഞായറാഴ്ച വൈകീട്ട് മെര്‍സിഡസ് ജിഎല്‍സി 220ഡി 4എംമാറ്റിക് കാറില്‍ യാത്ര ചെയ്യുന്നതിനിടയിലാണ് അപകടമുണ്ടായത്. ഡവൈഡറില്‍ തട്ടി നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്നാണ് കരുതുന്നത്.
കാറിലുണ്ടായിരുന്ന അനഹിത പണ്ടൊല(55), ഭര്‍ത്താവ് ദാരിസ് പണ്ഡോല(60) എന്നിവരെ പരിക്കുകളോടെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മിസ്ത്രിയെ ചൊവ്വാഴ്ച മുംബൈ വര്‍ളിയിലെ വൈദ്യുതിശ്മശാനത്തില്‍ സംസ്‌കരിച്ചു.
'ഉപഭോക്തൃ സ്വകാര്യതയെ മാനിക്കുന്ന ഉത്തരവാദിത്തമുള്ള ബ്രാന്‍ഡ് എന്ന നിലയില്‍, ഞങ്ങളുടെ ടീം അധികാരികളുമായി അന്വേഷണത്തില്‍ സാധ്യമാകുന്നിടത്ത് സഹകരിക്കും. കൂടാതെ ആവശ്യമായ വ്യക്തതകള്‍ അവര്‍ക്ക് നേരിട്ട് നല്‍കുകയും ചെയ്യും'- കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഏറ്റവും പുതിയ സുരക്ഷാ സവിശേഷതകളും സാങ്കേതികവിദ്യകളും ഉപയോഗിച്ച് വാഹനങ്ങളെ സജ്ജീകരിക്കുമ്പോള്‍ത്തന്നെ ഉത്തരവാദിത്തമുള്ള നിര്‍മ്മാതാവെന്ന നിലയില്‍ റോഡ് സുരക്ഷാ അവബോധം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് ജര്‍മ്മന്‍ കമ്പനിയായ മെര്‍സിഡസ് ബെന്‍സിന്റെ വാര്‍ത്താകുറിപ്പില്‍ പറയുന്നു.
അപകടത്തില്‍ സൈറസ് മിസ്ത്രിക്കു പുറമെ ജഹാംഗീര്‍ പണ്ഡോലയും മരിച്ചു. അനഹിത പണ്ഡോലയും ദാരിയസ് പണ്ഡൊലയും സുഖപ്രാപിച്ചുവരുന്നു.
അപകടം നടക്കുമ്പോള്‍ വാഹനം സാമാന്യം വേഗത്തിലായിരുന്നു. വാഹനത്തിന്റെ ചില ഡാറ്റകള്‍ തുടര്‍ പരിശോധനക്കായി കമ്പനി ശേഖരിച്ചു.