'ടി പി കേസില്‍ സിപിഎമ്മുമായി ഒത്തുകളിച്ചു'; കെ സുധാകരന്റെ ആരോപണത്തിനെതിരേ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് സി കെ ശ്രീധരന്‍

Update: 2022-11-21 07:36 GMT

കാസര്‍കോട്: കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ ആരോപണത്തിനെതിരേ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന മുന്‍ കെപിസിസി വൈസ് ചെയര്‍മാന്‍ കൂടിയായ സി കെ ശ്രീധരന്‍. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഎമ്മുമായി ഒത്തുകളി നടത്തിയതുമൂലമാണ് പി മോഹനന്‍ അടക്കമുള്ളവര്‍ കേസില്‍നിന്നും രക്ഷപ്പെട്ടതെന്ന സുധാകരന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് നിയമനടപടി സ്വീകരിക്കുന്നതെന്ന് ശ്രീധരന്‍ പറഞ്ഞു. സുധാകരനെതിരേ ക്രിമിനലും സിവിലുമായ നടപടി സ്വീകരിക്കും.

വിധിപ്രസ്താവം കഴിഞ്ഞ കേസിലെ നടപടികളെ വിമര്‍ശിച്ചതിന് കോടതിയലക്ഷ്യ കേസും നല്‍കും. സുധാകരന്‍ വിവരക്കേട് പറയുകയാണെന്ന് സി കെ ശ്രീധരന്‍ പറഞ്ഞു. സുധാകരന്റെ പ്രസ്താവന അപകീര്‍ത്തികരവും സത്യവിരുദ്ധവും അബദ്ധവുമാണ്. പ്രസ്താവനയില്‍ കോടതിയലക്ഷ്യമുണ്ടോയെന്ന കാര്യവും പരിശോധിക്കും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടി പി കേസില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിയോഗിച്ച സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്നു സി കെ ശ്രീധരന്‍. കേസില്‍ സിപിഎമ്മിലെ ഉന്നത നേതാക്കള്‍ ശിക്ഷിക്കപ്പെടുന്നതിലോ ഗൂഢാലോചനയെക്കുറിച്ച് അന്വേഷണം നടത്തുന്നതിനോ ശ്രീധരന്‍ താല്‍പ്പര്യം കാണിച്ചില്ലെന്നായിരുന്നു സുധാകരന്‍ ആരോപിച്ചത്.

കഴിഞ്ഞ ദിവസം കാസര്‍കോട് ചിറ്റാരിക്കാലില്‍ നടന്ന പൊതുയോഗത്തിലാണ് സുധാകരന്‍ ഗുരുതരമായ ആരോപണമുന്നയിച്ചത്. വലിയ മഴ പെയ്യുമ്പോള്‍ ചെറിയ തുള്ളി പോവുന്നത് പോലെയാണ് സി കെ ശ്രീധരന്റെ പാര്‍ട്ടി മാറ്റമെന്നാണ് സുധാകരന്‍ പറഞ്ഞത്. ടി പി ചന്ദ്രശേഖരന്‍ വധക്കേസിന്റെ കാലം മുതല്‍ സി കെ ശ്രീധരനും സിപിഎമ്മും തമ്മില്‍ ബന്ധമുണ്ട്. ഇതിന്റെ ഭാഗമായാണ് പി മോഹനന്‍ കേസില്‍ പ്രതിയാവാതിരുന്നത്. ഏറെക്കാലം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച അദ്ദേഹം, പാര്‍ട്ടി വിട്ടപ്പോള്‍ ഒപ്പം പോവാനാളില്ല.

അധികാര സ്ഥാനങ്ങളില്‍ ഇരുന്നിട്ടും എന്തുകൊണ്ടാണ് അദ്ദേഹത്തോടൊപ്പം ഒരു 10 പേര്‍ പോയില്ലെന്ന കാര്യം സിപിഎമ്മുകാരും സി കെ ശ്രീധരനും ആലോചിക്കണം. ടി പി വധക്കേസില്‍ മോഹനന്‍ മാസ്റ്റര്‍ ഒഴിവാക്കപ്പെട്ടത് വെറുതെയല്ല. അതിന് അതിന്റേതായ കാരണങ്ങളുണ്ട്. ആ കാരണങ്ങളില്‍ ഒന്നിന്റെ പരിണിത ഫലമാണ് ഈ ചുവടുമാറ്റമെന്നായിരുന്നു കെ സുധാകരന്‍ പ്രസംഗിച്ചത്. സുധാകരന്റെ ആരോപണത്തില്‍ ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ എംഎല്‍എ അടക്കമുള്ള ആര്‍എംപി നേതാക്കളുടെ ഭാഗത്തുനിന്നും ഇതുവരെ പ്രതികരണമൊന്നുമുണ്ടായിട്ടില്ല. സുധാകരന്റെ ആരോപണം ആര്‍എംപിയും ഏറ്റുപിടിച്ചാല്‍ ടി പി കേസില്‍ പുതിയ രാഷ്ട്രീയ വിവാദത്തിനും നിയമയുദ്ധത്തിനുമാവും അത് വഴിവയ്ക്കുക.

Tags:    

Similar News