അലിഗഢ് സര്‍വകലാശാലക്കെതിരേ അപകീര്‍ത്തികരമായ വാര്‍ത്ത; പതിനാല് വര്‍ഷത്തിനുശേഷം കോടതിയില്‍ മാപ്പ് പറഞ്ഞ് ടൈംസ് ഓഫ് ഇന്ത്യ
ന്യൂഡല്‍ഹി: അലിഗഢ് മുസ്‌ലിം സര്‍വകലാശാലയെ അപകീര്‍ത്തിപ്പെടുത്തി വാര്‍ത്ത പ്രസിദ്ധീകരിച്ച ടൈംസ് ഓഫ് ഇന്ത്യ ദിനപത്രം പതിനാല് വര്‍ഷത്തിനുശേഷം കോടതിയില്‍ മാപ്പ് പറഞ്ഞു. സര്‍വകലാശാലയിലെ മുന്‍ നിയമ വിദ്യാര്‍ത്ഥി ഫാറൂഖ് ഖാന്‍ നല്‍കിയ കേസിലാണ് പത്രത്തിനോട് പിഴ അടച്ച് മാപ്പ് പറയാന്‍ കോടതി ആവശ്യപ്പെട്ടത്. പത്രം നല്‍കിയ മാപ്പപേക്ഷ പുറത്തുവിട്ടിട്ടില്ല.
അഎംയു: ബിരുദം മിഠായി പോലെ വിറ്റഴിക്കുന്ന സര്‍വകലാശാല എന്ന തലക്കെട്ടില്‍ അഖിലേഷ് കുമാര്‍ സപ്തംബര്‍ 29, 2007ല്‍ എഴുതിയ വാര്‍ത്തയിലാണ് സര്‍വകലാശാലക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്. സര്‍വകലാശാലയില്‍ ബിരുദം മിഠായി പോലെ വിറ്റഴിക്കുകയാണെന്നും തൊട്ടടുത്ത മാര്‍ക്കറ്റില്‍ ഏത് പ്രബന്ധവും പ്രബന്ധസംഗ്രഹവും ലഭിക്കുമെന്നും അജ്ഞാത കേന്ദ്രത്തെ ഉദ്ധരിച്ചുകൊണ്ട് പത്രം റിപോര്‍ട്ട് ചെയ്തു. സര്‍വകലാശാലയുടെ ഹോസ്റ്റല്‍ ഗുണ്ടാസംഘങ്ങളുടെയും രാഷ്ട്രീയ കുതന്ത്രക്കാരുടെയും അഭയകേന്ദ്രമാണെന്നും റിപോര്‍ട്ട് ആരോപിച്ചു.
ഇതേവര്‍ഷം സര്‍വകലാശാലയില്‍ നിന്ന് നിയമബിരുദം നേടിയ ഫാറൂഖ് ഇതിനെതിരേ കോടതിയെ സമീപിച്ചു. ഇന്ത്യയിലെ ഏറ്റവും പഴക്കമുളളതും പ്രമുഖമായതുമായ കേന്ദ്ര സര്‍വകലാശാലക്കെതിരേ ഇത്തരം ആരോപണങ്ങള്‍ നടത്തുന്നതിനെ അദ്ദേഹം കോടതിയില്‍ ചോദ്യം ചെയ്തു.
കോടതി പതിനാല് വര്‍ഷത്തെ നിയമപോരാട്ടത്തിനുശേഷം പത്രത്തിന് 2000 രൂപ പിഴവിധിച്ചു, ഖേദംപ്രകടിപ്പിക്കാനും ആവശ്യപ്പെട്ടു.
തന്റെ കൈവശമുളള ബിരുദവും ഇതേ സര്‍വകലാശാലയില്‍ നിന്നായതുകൊണ്ട് ഇത്തരമൊരു റിപോര്‍ട്ട് അതിന്റെ ആധികാരികത ചോദ്യം ചെയ്തതായി തോന്നിയതിനാലാണ് കോടതിയെ സമീപിച്ചതെന്ന് ഖാന്‍ പറഞ്ഞു.
വാര്‍ത്ത പ്രസിദ്ധീകരിച്ച് പതിനാല് വര്‍ഷത്തിനു ശേഷമാണെങ്കിലും പത്രം മാപ്പുപറയേണ്ടിവന്നത് വൈകിയാണെങ്കിലും നീതി ലഭിക്കുമെന്നതിന് തെളിവാണെന്ന് അദ്ദേഹം പറഞ്ഞു.
ഫാറൂഖ് ഖാന്‍, ഇപ്പോള്‍ ദിവാന്‍ അഡ്വക്കേറ്റ് എന്ന നിയമകേന്ദ്രത്തിന്റെ മേധാവിയായി പ്രവര്‍ത്തിക്കുകയാണ്.
അതേസമയം പ്രസ്തുത ലേഖനം വിധിക്കു ശേഷവും വെബ്‌സൈറ്റില്‍ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ നീക്കം ചെയ്തു. ലേഖനം നീക്കം ചെയ്യാത്തതിനെതിരേ വീണ്ടും കോടതിയെ സമീപിക്കുമെന്ന് ഫാറൂഖ് മുന്നറിയിപ്പുനല്‍കിയിരുന്നു.