50തോളം മോഷണക്കേസുകളിലെ പ്രതി അറസ്റ്റില്‍
അഞ്ച് അമ്പലങ്ങളും, അഞ്ചു വീടുകളും കുത്തിത്തുറന്ന് പണവും, സ്വര്‍ണ്ണവും മോഷ്ടിച്ചതായി പ്രതി സമ്മതിച്ചു.
പാലക്കാട്: നിരവധി മോഷണക്കേസുകളിലെ പ്രതിയെ പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് അറസ്റ്റു ചെയ്തു. പാലക്കാട് ജില്ല മംഗലംഡാം, വണ്ടാഴി, ചിറ്റടി മടവന വീട്ടില്‍ വിശ്വനാഥനെ( 47)ആണ് പാലക്കാട് ടൗണ്‍ സൗത്ത് പോലീസും ഡാന്‍സാഫ് സ്‌ക്വാഡും ചേര്‍ന്ന് ഇന്നലെ രാത്രി പിടികൂടിയത്.
പ്രതിയെ ചോദ്യം ചെയ്തതില്‍ വിവിധ ജില്ല കളിലെ നിരവധി മോഷണക്കേസ്സുകള്‍ക്ക് തുമ്പായി. അഞ്ച് അമ്പലങ്ങളും, അഞ്ചു വീടുകളും കുത്തിത്തുറന്ന് പണവും, സ്വര്‍ണ്ണവും മോഷ്ടിച്ചതായി പ്രതി സമ്മതിച്ചു. മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് മോഷണം നടത്തിയത്. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ഇറങ്ങിയ വിശ്വനാഥന്‍ മലപ്പുറം, പാലക്കാട് എന്നിവിടങ്ങളിലെ സ്വകാര്യ ലോഡ്ജുകളില്‍ താമസിച്ചാണ് മോഷണം നടത്തിവന്നത്. ജില്ലയില്‍ മോഷണം വര്‍ധിച്ച സാഹചര്യത്തില്‍ നടത്തിയ പ്രത്യേക അന്വേഷണത്തിനിടെയാണ് പ്രതി വലയിലായത്.
പാലക്കാട് സിവില്‍ സ്‌റ്റേഷന്റെ പുറകിലുള്ള കല്ലേക്കാട് മാര്‍ച്ച് മാസം രാത്രി ആള്‍ത്താമസമുള്ള വീട്ടില്‍ കയറി പണം, സ്വര്‍ണ്ണം, വാച്ച് എന്നിവ മോഷ്ടിച്ചത് താനാണെന്ന് പ്രതി സമ്മതിച്ചു. കൂടാതെ ഏപ്രില്‍ മാസം പെരിന്തല്‍മണ്ണ ശിവക്ഷേത്രത്തിന്റെ ഓഫീസ് കുത്തിത്തുറന്ന് 50,000 രൂപ മോഷ്ടിച്ചതും വിശ്വനാഥനാണ്. മോഷണ മുതലുകള്‍ പോലിസ് കണ്ടെടുത്തു. പാലക്കാട് ജില്ലയില്‍ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി ഇയാള്‍ക്കെതിരേ അന്‍പതോളം മോഷണക്കേസുകള്‍ ഉണ്ടായിരുന്നു.